തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തതുമായി ബന്ധപ്പെട്ട് മന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അധികാരത്തിലുളള മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്. ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത് രാജ്യദ്രോഹ കുറ്റത്തിനാണ്. ഇത്തരത്തിലുളള ഒരു മന്ത്രി, സ്ഥാനത്ത് തുടരുന്നത് ഭൂഷണമല്ല. ഒന്നും മറച്ച് വയ്ക്കാനില്ലാത്തവർ ഒളിച്ച് പോകുന്നതെന്തിനാണെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്ത് കൊണ്ട് സ്വന്തം കാറിൽ മന്ത്രി ഹാജരായില്ല. ശിവശങ്കറിനെതിരെ നടപടിയെടുത്ത മുഖ്യമന്ത്രി ജലീലിനെ ഭയക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
മന്ത്രി ജലീൽ കളളം പറയുകയാണ്. പൊതുസമൂഹം ജലീൽ കുറ്റം ചെയ്‌തതായി കരുതുന്നു. മന്ത്രി ഈ കേസിൽ അകപ്പെട്ടിരിക്കുന്നു എന്നത് വ്യക്തമാണ്. നയതന്ത്രബാഗേജിൽ മതഗ്രന്ഥമോ അതോ സ്വർണമോ എന്ന് ഇപ്പോഴും വ്യക്തമല്ല. രമേശ് ചെന്നിത്തല പറഞ്ഞു.
എല്ലാ അഴിമതിക്കും കുടപിടിക്കുന്ന ഒരു മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയിരിക്കുന്നു. എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഈ സർക്കാർ അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങി. അതിനാൽ മന്ത്രിസഭ തന്നെ രാജി വയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാനുളള അവകാശം നേരത്തെ നഷ്‌ടമായി. തുടർന്ന് ഓരോ മന്ത്രിമാർക്കും അതിനുളള അവകാശം നഷ്‌മാകുകയാണ്. ഇത് കേരളസമൂഹം വിലയിരുത്തും. അധികാരത്തിൽ തുടരാനുളള ധാർമ്മികമായ അവകാശം ഈ സർക്കാരിന് നഷ്‌ടമായി. ഒരിടത്ത് പാർട്ടി സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ മയക്കുമരുന്ന് കളളക്കടത്ത് നടക്കുമ്പോൾ മറുഭാഗത്ത് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇടപെട്ട് സ്വർണക്കടത്ത് നടത്തുന്നതായാണ് കാണുന്നതെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.