മലയാളത്തിന്റെ പ്രിയപ്പെട്ട നടി മിയ ജോർജും ആഷ്‌വിനും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ മാസമായിരുന്നു മിയയുടെ മനസമ്മതം നടന്നത്. മനസമ്മത ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
എറണാകുളം സ്വദേശിയും വ്യവസായിയുമാണ് ആഷ്‍വിൻ ഫിലിപ്പ്. മേയ് 30നായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. മിയയുടെ അമ്മ മിനിയാണ് മാട്രിമോണിയൽ സൈറ്റിലൂടെ ആഷ്‍വിനെ കണ്ടെത്തിയത്.
പാലാ തുരുത്തിപ്പള്ളിൽ ജോർജിന്റെയും മിനിയുടെയും മകളായ മിയ ടെലിവിഷൻ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. സിനിമയിൽ ചെറു കഥാപാത്രങ്ങളിലൂടെ കരിയർ ആരംഭിച്ച മിയ പിന്നീട് സച്ചിയുടെ രചനയിൽ ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാൽപതോളം സിനിമകളിൽ ഇതിനകം അഭിനയിച്ചിട്ടുണ്ട്.