anushka

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. രാമയാണ കഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ രാമനായിട്ടാണ് പ്രഭാസ് എത്തുന്നത്. ബോളിവുഡ് ചിത്രമായ തൻഹാൻജിയ്ക്ക് ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. അണിയറ പ്രവർത്തകർ പങ്കുവച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തിന്മയുടെ മേൽ നന്മയുടെ വിജയം എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റർ പങ്കുവച്ചത്. പ്രഭാസ് മാത്രമല്ല വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോളിവുഡ് സൂപ്പർ സ്റ്റാർ സെയ്ഫ് അലിഖാനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാവണനായിട്ടാണ് സെയ്ഫ് ആദിപുരുഷിൽ എത്തുന്നത്. ആദിപുരുഷിൽ ബോളിവുഡ് താരം അനുഷ്‌ക ശർമയും ഉണ്ടാകുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. പ്രഭാസ് രാമനാകുമ്പോൾ സീതയായി എത്തുന്നത് അനുഷ്ക ശർമായാണത്രേ. റിപ്പോർട്ട് അനുസരിച്ച് ഡെലിവറിക്ക് ശേഷം നടി ആദ്യമായി അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. ആദിപുരുഷിന്റെ കഥ അനുഷ്കയോട് പറഞ്ഞെന്നും, പ്രസവം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം താരം സെറ്റിൽ ജേയിൻ ചെയ്യുമെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്. എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ആദിപുരുഷിൽ അനുഷ്ക ശർമ സീതയായി എത്തുന്ന റിപ്പോർട്ട് ബോളിവുഡ് കോളങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. റിപ്പോർട്ട് സത്യമായാൽ താരത്തിന്റെ രണ്ടാം വരവ് പ്രഭാസ് ചിത്രത്തിലൂടെയായിരിക്കും. 2021 ജനുവരിയോടെ ആദിപുരുഷിന്റെ ചത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. മാർച്ചോടെ അനുഷ്‌ക ശർമ സെറ്റിലെത്തുമെന്നാണ് ലഭിക്കുന്ന സൂചന. അനുഷ്‌കയുടെ അഭാവത്തിലുള്ള ഭാഗങ്ങളാകും ആദ്യം ചിത്രീകരിക്കുക. പ്രഭാസ് സെയ്ഫ് പോരാട്ടമായിരിക്കും ആദ്യം ചിത്രീകരിക്കുക. എന്നാൽ നടി ഇതുവരെ എഗ്രിമെന്റിൽ ഒപ്പു വച്ചിട്ടില്ലത്രേ. ചിത്രം യാഥാർത്ഥ്യമായാൽ അനുഷ്‌കയുടെ ശക്തമായ ഒരു കഥാപാത്രമായിരിക്കും ഇത്.

ചിത്രത്തിലെ ഹൈലൈറ്റുകളിൽ ഒന്നാണ് സെയ്ഫ് അലിഖാൻ. വ്യത്യസ്തമായ വേഷങ്ങളിലാണ് സെയ്ഫ് അധികവും പ്രത്യക്ഷപ്പെടുന്നത്. ആദിപുരുഷിൽ വില്ലൻ വേഷത്തിലാണ് താരം എത്തുന്നത്. ഭാര്യയും നടിയുമായ കരീന തന്നെയാണ് ഇതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഏറ്റവും സുന്ദരനായ വില്ലൻ എന്റെ പുരുഷനാണ് എന്ന് കുറിച്ചു കൊണ്ടായിരുന്നു സെയ്ഫിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവച്ചത്. നടി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പങ്കുവച്ചത്. അനുഷ്‌കയെ പോലെ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് കരീനയും സെയ്ഫും. 2021ൽ ഇവരുടെ കുടുംബത്തിലും പുതിയ അതിഥി എത്തും. ആദിപുരുഷിൽ വ്യത്യസ്ത മേക്കോവറിലാകും പ്രഭാസ് എത്തുക എന്ന് സംവിധായകൻ ഓം നേരത്തെ പറഞ്ഞിരുന്നു.