കരുത്തായി സ്‌റ്റാർട്ടപ്പ് മിഷന്റെ പദ്ധതികൾ
കൊച്ചി: കൊവിഡ് കാലത്തും നിക്ഷേപം വാരിക്കൂട്ടി കേരളത്തിലെ സ്‌റ്റാർട്ടപ്പുകൾ. 2020ൽ ആഗസ്‌റ്റുവരെയുള്ള കാലയളവിൽ കേരള സ്‌റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച വിവിധ പദ്ധതികളുടെ കരുത്തിൽ ഏഞ്ചൽ ഇൻവെസ്‌റ്റർമാരിൽ നിന്നുൾപ്പെടെ 329 കോടി രൂപയാണ് സ്‌റ്റാർട്ടപ്പുകൾ നേടിയത്.
ഫിൻടെക്, എഡ്ടെക്, എന്റർപ്രൈസ് ആപ്ളിക്കേഷൻസ്, ഊർജം, കൺസ്യൂമർടെക്, ഹെൽത്ത്‌കെയർ ആൻഡ് വെൽനെസ്, റോബോട്ടിക്‌സ്, ഇന്റർനെറ്റ് ഒഫ് തിംഗ്‌സ്, റീട്ടെയിൽ ടെക് വിഭാഗങ്ങളിലെ സ്‌റ്റാർട്ടപ്പുകളാണ് പ്രധാനമായും നിക്ഷേപം നേടിയത്.
സ്‌റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി സംവദിക്കാൻ ജൂണിലും ആഗസ്‌റ്റിലും 'ബിഗ് ഡെമോ ഡേ" വിർച്വൽ വിപണന പരിപാടി സ്‌റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ചിരുന്നു. ഒട്ടേറെ സ്‌റ്റാർട്ടപ്പുകൾക്ക് ഇതുവഴി നിക്ഷേപവും പുതു ബിസിനസുകളും ലഭിച്ചു. ആദ്യ ഡെമോ ഡേയിലൂടെ മാത്രം 25 കമ്പനികൾക്ക് പുതു ബിസിനസ് ലഭിച്ചു.
രണ്ടു കമ്പനികൾ ഓസ്‌ട്രേലിയയിലേക്ക് ബിസിനസ് വ്യാപിപ്പിച്ചുവെന്ന് കേരള സ്‌റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ സജി ഗോപിനാഥ് 'കേരളകൗമുദി"യോട് പറഞ്ഞു. ഇവർക്ക് ഓസ്‌ട്രേലിയൻ സർക്കാരിന്റെ പ്രവർത്തനാനുമതിയും ലഭിച്ചു. സ്‌റ്റാർട്ടപ്പുകൾക്ക് ബാങ്കുകളിൽ നിന്ന് പ്രവർത്തനമൂലധന വായ്‌പ ലഭ്യമാക്കുന്ന പദ്ധതിയും സ്‌റ്റാർട്ടപ്പ് മിഷനുണ്ട്.
നിക്ഷേപം നേടിയ
പ്രമുഖ സ്‌റ്റാർട്ടപ്പുകൾ
പാണിനി
എൻട്രി
സോക്കോ
ആസ്‌ട്രോവിഷൻ
ഐ ലവ് 9 മന്ത്‌സ്
മെഗാ എക്‌സാംസ്
ജൻറോബോട്ടിക്‌സ്
സെക്‌ടർ ക്യൂബ്
ഓർത്തോ എഫ്.എക്‌സ്
''കൊവിഡിലും മികച്ച നിക്ഷേപം ലഭിക്കുന്നത് കൂടുതൽ ആത്മവിശ്വാസവും പകരുന്ന നേട്ടമാണ്. ഇതോടൊപ്പം, തുടർച്ചയായി സ്‌റ്റാർട്ടപ്പ് റാങ്കിംഗിൽ ഒന്നാമതെത്തിയത് കൂടുതൽപേരെ സംരംഭക ലോകത്തേക്ക് ആകർഷിക്കാനും സഹായിക്കും"",
സജി ഗോപിനാഥ്,
സി.ഇ.ഒ., കേരള സ്‌റ്റാർട്ടപ്പ് മിഷൻ
സ്‌റ്റാർട്ടപ്പ് റാങ്കിംഗിൽ
മിന്നി കേരളം
രാജ്യത്തെ ഏറ്റവും മികച്ച സ്‌റ്റാർട്ടപ്പ് പ്രവർത്തനമികവ് കാഴ്‌ചവച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ തുടർച്ചയായ രണ്ടാംവട്ടവും കേരളത്തിന് ഒന്നാംസ്ഥാനം. കർണാടകയുമായി കേരളം ഒന്നാംസ്ഥാനം പങ്കിട്ടു.
22 സംസ്ഥാനങ്ങളും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളുമാണ് റാങ്കിംഗിനായി മത്സരിച്ചതെന്ന് കേന്ദ്ര വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (ഡി.പി.ഐ.ഐ.ടി) വ്യക്തമാക്കി. ഗുജറാത്ത് 'ബെസ്‌റ്റ് പെർഫോമർ" പുരസ്‌കാരം നേടി. കേന്ദ്രഭരണ പ്രദേശങ്ങളിൽ ഒന്നാമത് ആൻഡമാൻ നിക്കോബാർ ആണ്. സ്‌റ്റാർപ്പുകൾക്ക് ലഭിക്കുന്ന പിന്തുണ, പ്രവർത്തനാന്തരീക്ഷം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് റാങ്കിംഗ് നടത്തിയത്.