jaleel

കൊച്ചി: സ്വപ്‌ന സുരേഷ് അടക്കമുളളവരോടുള്ള ബന്ധം ഔദ്യോഗികം മാത്രമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിൽ മന്ത്രി കെ.ടി ജലീൽ മൊഴി നൽകി. സ്വ‌പ്‌നയോട് നല്ല ബന്ധമാണുണ്ടായിരുന്നതെന്നും വ്യക്തിപരമായ കാര്യങ്ങൾക്ക് ഇത്തരം ബന്ധങ്ങൾ താൻ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രി എൻഫോഴ്‌സ്‌മെന്റിനോട് വ്യക്തമാക്കി. കോൺസുലേറ്റ് ജനറലുമായുള്ള ബന്ധത്തിൽ അസ്വാഭാവികതയില്ല. പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും ജലീൽ അന്വേഷണ സംഘത്തോട് പറഞ്ഞു.

മന്ത്രി പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതുകൊണ്ടുകൂടിയാണ് ജലീലിനെ വീണ്ടും ചോദ്യംചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചതെന്നാണ് സൂചന. രണ്ടര മണിക്കൂറോളമാണ് ജലീലിനെ എൻഫോ‌ഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തത്. അതേസമയം ഇന്നലത്തെ ചോദ്യം ചെയ്യലിൽ ഔദ്യോഗിക വാഹനം ഒഴിവാക്കിയതിൽ മന്ത്രിയോട് അടുത്ത വൃത്തങ്ങൾ വിശദീകരണം നൽകി. മലപ്പുറത്തെ മേൽവിലാസത്തിൽ നോട്ടീസ് ലഭിച്ചതു കൊണ്ടാണ് ഔദ്യോഗിക വാഹനം ഉപയോഗിക്കാത്തത് എന്നാണ് വിശദീകരണം.

മതഗ്രന്ഥങ്ങൾ വിതരണം ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ലെന്നും അവ തിരിച്ചയക്കാൻ തയ്യാറാണെന്നും എൻഫോഴ്‌സ്‌മെന്റിനോട് ജലീൽ പറ‌ഞ്ഞു.

മതഗ്രന്ഥം വിതരണം ചെയ്ത സംഭവം, സ്വപ്‌നയടക്കം കോൺസുലേറ്റുമായി ബന്ധപ്പെട്ടവരുമായി മന്ത്രിക്കുള്ള പരിചയം, അദ്ദേഹത്തിന്റെ ആസ്തിവകകൾ തുടങ്ങിയവ സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദ്യംചെയ്യൽ നടന്നതെന്നാണ് റിപ്പോർട്ട്.

താൻ സമ്പന്നനല്ല. തനിക്ക് പത്തൊമ്പതര സെന്റ് സ്ഥലം മാത്രമാണുള്ളത്. ഒന്നര ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ട്. 3.5 ലക്ഷം രൂപ ട്രഷറിയിൽ ഉണ്ട്. സ്വന്തമായി വാഹനമോ സ്വർണമോ ഇല്ല തുടങ്ങിയ കാര്യങ്ങളും അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞു.