80 കളിലും 90 കളിലും തരംഗം സൃഷ്ടിച്ച എ.ആർ. റഹ്മാന്റെയും ഇളയരാജയുടെയും വിദ്യാസാഗറിന്റെയും ഉൾപ്പെടെ ആ ഹിറ്റ് ഗാനങ്ങൾ ഇന്നും കേൾക്കുമ്പോൾ മനസിൽ ആവേശമാണ്. വേദികൾ കീഴടക്കിയ പ്രഭുദേവയുടെ മുക്കാല മുക്കാബ്‌ല മുതൽ രംഗീലയിലെ ഹെയ് രാമാ വരെ നീളുന്നു അത്. ഈ പാട്ടുകളിലൂടെയെല്ലാം സംഗീത സംവിധായകരെ പോലും അമ്പരപ്പിച്ച ആ ' ഹമ്മിംഗ് ക്വീൻ ' വിടവാങ്ങിയിട്ട് ഇന്നേക്ക് പത്ത് വർഷം. അതെ, തെന്നിന്ത്യ കാതോർത്തിരുന്ന ആ മധുര ശബ്ദത്തിനുടമയായ സ്വർണലത എന്ന പകരം വയ്ക്കാനില്ലാത്ത ഗായിക തനിക്കായി കാത്തുനിന്ന രാഗങ്ങളെ മൗനമാക്കി അനശ്വരതയുടെ ലോകത്ത് ശബ്ദവിസ്മയം തീർക്കാൻ യാത്രയായിട്ട് ഒരു ദശാബ്ദം ആയിരിക്കുന്നു. 2010 സെപ്റ്റംബർ 12നാണ് ശ്വാസകോശ രോഗത്തെ തുടർന്ന് 37ാം വയസിൽ സ്വർണലത വിടവാങ്ങിയത്. വളരെ നേരത്തെ !
സ്വർണലതയെ ചെന്നൈ നഗരം അന്ന് യാത്രയാക്കിയത് ' പോറാളെ പൊന്നുതായി ' എന്ന ഗാനത്തോടെയാണ്. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് സ്വർണലതയെ തേടിയെത്തിയത് 1994ൽ പുറത്തിറങ്ങിയ ' കറുത്തമ്മ ' എന്ന ചിത്രത്തിലെ എ.ആർ. റഹ്മാൻ പകർന്ന ഈ ഈണങ്ങൾക്കായിരുന്നു. വ്യത്യസ്ഥമായ ആലാപന ശൈലിയും ശബ്ദവുമായിരുന്നു അന്നും ഇന്നും സ്വർണലതയെ വേറിട്ടു നിറുത്തുന്നത്. ആ ശബ്ദം കേട്ടാൽ ആരായാലും അറിയാതെ ചുവട്‌വച്ചു പോകും. എ.ആർ. റഹ്മാന്റെ പ്രിയപ്പെട്ട ഗായികമാരിൽ ഒരാളായി സ്വർണലത അറിയപ്പെടാനുള്ള കാരണവും അതാണ്. ശ്രോതാക്കളെ ആകർഷിക്കാനുള്ള കാന്തിക ശക്തി സ്വർണലതയുടെ ശബ്ദത്തിനുണ്ടായിരുന്നു.
അവ്വാ.. അവ്വാ ( സത്യം ശിവം സുന്ദരം ), ഒരു തരി കസ്തൂരി ( ഹൈവേ ), മഞ്ഞിൽ പൂത്ത സന്ധ്യേ ( മിന്നാമിനുങ്ങിനും മിന്നുകെട്ട് ), കടമിഴിയിൽ കമലദളം ( തെങ്കാശിപ്പട്ടണം ), നന്ദലാല ( ഇൻഡിപെൻഡൻസ് ), മാണിക്യ കല്ലായി ( വർണപ്പകിട്ട് ), ബല്ല ബല്ല ( പഞ്ചാബി ഹൗസ് ), പൊട്ടുകുത്തെടി ( രാവണപ്രഭു )....ഇങ്ങനെ മലയാളത്തിൽ സ്വർണലത പാടിയെതെല്ലാം ഹിറ്റ് ഗാനങ്ങൾ. സ്വർണലതയുടെ ഈ ഗാനങ്ങളിൽ ചിലത് റീമിക്സായും അല്ലാതെയും ഇന്നും യുവതലമുറയ്ക്ക് പ്രിയപ്പെട്ടതാണ്.
തമിഴിലും തെലുങ്കിലുമാണ് സ്വർണലത അടക്കി ഭരിച്ചത്. എണ്ണമെടുത്താൽ തികയാതെ വരും. കാരണം മലയാളം, തമിഴ്, തെലുങ്ക്, ഉറുദു, പഞ്ചാബി, ബംഗാളി, ഒഡിയ തുടങ്ങിയ ഭാഷകളിൽ ചുരുങ്ങിയ കാലയളവിനുള്ളിൽ സ്വർണലത റെക്കോർഡ് ചെയ്തത് 7,000ത്തിലധികം ഗാനങ്ങളാണ്. ഉസിലാംപെട്ടി പെൺകുട്ടി ( ജെന്റിൽമാൻ ), മുക്കാബ്‌ല ( കാതലൻ ), ഹമ്മ ഹമ്മ, കുചി കുചി റാക്കമ്മാ ( ബോംബെ ), എന്നവോ ഒരുവൻ ( അലൈപായുതേ ) തുടങ്ങിയ റഹ്മാൻ ഹിറ്റുകൾ കേൾക്കുമ്പോൾ സ്വർണലത നമ്മെ വിട്ടുപോയെന്ന സത്യം ചിലപ്പോൾ ഉൾക്കൊള്ളാൻ കഴിയാത്ത പോലെ തോന്നാം.
ആട്ടമാ തേരോട്ടമാ ( ക്യാപ്ടൻ പ്രഭാകർ ), മാലയിൽ യാരോ ( ചത്രിയൻ ), പോവോമാ ( ചിന്നത്തമ്പി ), രാക്കമ്മാ കൈയ്യ തട്ടു ( ദളപതി ) തുടങ്ങി ഇളയരാജയുടെ സംഗീതത്തിന് സ്വർണലത ജീവൻ പകർന്ന ഗാനങ്ങൾ നിരവധിയാണ്. എ.ആർ. റഹ്മാനേക്കാൾ ഇളയരാജയാണ് സ്വർണലതയ്ക്ക് മുന്നിലേക്ക് ഏറ്റവും കൂടുതൽ അവസരങ്ങൾ നൽകിയത്. ഇളയരാജ ഈണമിട്ട 200 ലേറെ ഗാനങ്ങളാണ് സ്വർണലത പാടിയത്. ബോളിവുഡിലും സ്വർണലത ഏതാനും ഗാനങ്ങൾ ആലപിച്ചിരുന്നു. ബോംബെ, രംഗീല, പുകാർ ഉൾപ്പെടെ എ.ആർ റഹ്മാൻ സംഗീതം നൽകിയ ബോളിവുഡ് ചിത്രങ്ങളിലെ പത്തിലേറെ ഗാനങ്ങൾ സ്വർണലത ആലപിച്ചു. 1987ൽ എം.എസ് വിശ്വനാഥനായിരുന്നു ആദ്യമായി സ്വർണലതയ്ക്ക് അവസരം നൽകിയത്.കെ.ജെ യേശുദാസിനൊപ്പം നീതിക്കു താണ്ടനായി എന്ന ചിത്രത്തിലെ ' ചിന്നച്ചിരു കിളിയെ ' ആയിരുന്നു അത്. പിന്നീട് മണി ശർമ, ദേവ, ഹാരിസ് ജയരാജ്, അനു മാലിക് തുടങ്ങി നിരവധി പ്രഗത്ഭർക്ക് കീഴിൽ ഗാനങ്ങൾ ആലപിച്ചു.
പ്രശസ്ത ഹാർമോണിസ്റ്റായ കെ.സി ചെറുകുട്ടിയുടെയും കല്യാണിയുടെയും മകളായി 1973 ഏപ്രിൽ 29ന് പാലക്കാട് ചിറ്റൂരിലാണ് സ്വർണലത ജനിച്ചത്. ചെറുപ്പത്തിൽ തന്നെ സ്വർണലതയും കുടുംബവും കർണാടകയിലെ ഷിമോഗയിലേക്ക് താമസം മാറ്റുകയായിരുന്നു. മൂന്നാം വയസ് മുതൽ സംഗീതം അഭ്യസിച്ച് തുടങ്ങിയ സ്വർണലത 2 ദശാബ്ദത്തിലേറെ പിന്നണി ഗാന രംഗത്ത് പ്രവർത്തിച്ചു. എ.ആർ. റഹ്മാന്റെ സംഗീതത്തിന് ദേശീയ അവാർഡ് നേടിയ ആദ്യ ഗായികയും സ്വർണലതയായിരുന്നു. ഇനിയും അംഗീകാരങ്ങളേയും അവസരങ്ങളേയും കാത്തുനില്ക്കാതെ മടങ്ങുന്നതിന് മുമ്പ് സ്വർണലത അവസാനമായി പാടിയത് ഒരു മലയാള ആൽബത്തിന് വേണ്ടിയായിരുന്നു. ' കുടജാദ്രിയിൽ കുടചൂടുമാ ....' കുടജാദ്രി മലനിരകളിലെ മഞ്ഞു തുള്ളിപോലെ സ്വർണലത ആർദ്രമായി പാടിയ ആ പ്രണയഗീതം ഇന്നും മലയാളികളുടെ മനസിന്റെ ഒരു കോണിൽ ഗൃഹാതുരത്വത്തിന്റെ കുളിർ കാറ്റായി വീശുന്നു....