മണാലി: ഉദ്ധവ് താക്കറെയും ശിവസേനയുമായുള്ള പ്രശ്‌നങ്ങൾക്കിടെ കങ്കണ റണൗട്ടും കുടുംബവും ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹം. ഒരു ദേശീയ മാദ്ധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.ബി.ജെ.പിയ്ക്ക് നന്ദിയറിയിച്ചു കൊണ്ട് കങ്കണയുടെ അമ്മയായ ആശ പുറത്ത് വിട്ട വീഡിയോയാണ് അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണം. കോൺഗ്രസ് അനുഭാവികളാണെന്ന് അറിഞ്ഞിട്ട് കൂടി കങ്കണയ്ക്ക് സുരക്ഷ ഒരുക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂർ എന്നിവർക്ക് വീഡിയോയിലൂടെ നന്ദിയറിയിക്കുകയാണ് ആശ. ജനങ്ങളിൽ നിന്ന് കങ്കണയ്ക്ക് ലഭിക്കുന്ന പിന്തുണയ്ക്കും അവർ നന്ദിയറിയിച്ചു. കഴിഞ്ഞ ദിവസം കങ്കണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി ഹിമാചലിൽ റാലി നടത്തിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലും കങ്കണയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്.
കങ്കണയും കുടുംബവും ബി.ജെ.പിയിൽ ചേരുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ഹിമാചൽ ബി.ജെ.പി ഘടകം റണൗട്ടുകൾക്കായി ചുവന്ന പരവതാനി വിരിക്കാൻ കാത്തിരിക്കുകയാണെന്നാണ് വിവരം. കങ്കണയുടെ മുത്തച്ഛനായ സർജു റാം ഗോപാൽപൂർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയായിരുന്നു.