ന്യൂഡൽഹി: വിമാനത്തിനുള്ളിൽ വച്ച് ഫോട്ടോ പകർത്തിയാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി വ്യോമമന്ത്രാലയം. വിമാനത്തിനുള്ളിൽ ആരെങ്കിലും ഫോട്ടോ എടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ആ വിമാനം രണ്ടാഴ്ച പറക്കാൻ അനുവദിക്കില്ലെന്നും ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. ബോളിവുഡ് നടി കങ്കണ റണൗട്ട് സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മാദ്ധ്യമപ്രവർത്തകർ തിരക്കുണ്ടാക്കിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മുന്നറിയിപ്പ്. സംഭവത്തിൽ ഉചിതമായ നടപടി സ്വീകരിക്കാൻ വിമാനക്കമ്പനിയോട് ഡി.ജി.സി.എ നിർദ്ദേശിച്ചു. കങ്കണയുടെ പ്രതികരണത്തിനായി റിപ്പോർട്ടർമാരും ക്യാമറമാൻമാരും വിമാനത്തിനുള്ളിൽ തിരക്കു കൂട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.