ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനായ 'കൊവാക്‌സിന്റെ" മൃഗങ്ങളിലെ പരീക്ഷണം വിജയമെന്ന് നിർമ്മാതാക്കൾ. കുരങ്ങുകളിലാണ് പരീക്ഷണം നടത്തിയത്. കൊവാക്‌സിൻ മൃഗങ്ങളിൽ രോഗപ്രതിരോധ ശേഷിയും പ്രകടമാക്കി. മരുന്ന് കുത്തിവച്ചശേഷം ഇവയെ വൈറസ് ബാധയേൽക്കാൻ സാദ്ധ്യതയുള്ള സാഹചര്യങ്ങളിലേക്ക് വിടും. മരുന്ന് എത്രമാത്രം ഫലപ്രദമാണെന്ന് കണ്ടെത്തുകയാണ് ഇതിന്റെ ലക്ഷ്യം.
ഐ.സിഎം.ആർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി എന്നിവയുമായി ചേർന്നാണ് ഭാരത് ബയോടെക് വാക്‌സിൻ വികസിപ്പിക്കുന്നത്. വാക്‌സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്‌സിൻ രാജ്യത്തുടനീളമുള്ള 12 സ്ഥാപനങ്ങളിലാണ് പരീക്ഷിക്കുന്നത്.
ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച വാക്സിനായ കൊവിഷീൽഡിനേക്കാൾ മികച്ച ഫലമാണ് കൊവാക്സിൻ മൃഗങ്ങളിൽ പ്രകടിപ്പിച്ചത്. കൊവിഷീൽഡ് നൽകിയ മൃഗങ്ങൾക്ക് വൈറസിന്റെ സാന്നിദ്ധ്യത്തിൽ രോഗം പിടിപ്പെട്ടില്ലെങ്കിലും വൈറസ് വാഹകരായി ഇവർ മാറുന്നതായി കണ്ടെത്തിയിരുന്നു.