ന്യൂഡൽഹി: ലോകമാകെ പല മേഖലകളിലായി അത്യസാധാരണമായ തകർച്ചയ്‌ക്കും അങ്കലാപ്പിനുമാണ് കൊവിഡ്-19 രോഗവ്യാപനം വഴിവച്ചത്. രോഗത്തെ നേരിടാൻ മതിയായ മരുന്ന് ഇല്ലാത്തതും അപായനിരക്ക് കുറയ്‌ക്കുവാനും സാമൂഹിക അകലവും ശുചിത്വവും ഒപ്പം ലോക്ഡൗണുമാണ് മിക്ക രാജ്യങ്ങളും കണ്ടെത്തിയ വഴി. ഇന്ത്യയിൽ മാർച്ച് 25മുതൽ 21 ദിവസത്തേക്ക് ശക്തമായ ലോക്ഡൗൺ ഏർപ്പെടുത്തി.
പ്രായഭേദമന്യേ എല്ലാ മനുഷ്യരും വീടിന്റെ നാല് ചുമരുകൾക്കുളളിൽ നിർത്തപ്പെട്ടു. പിന്നീട് അൺലോക് പ്രക്രിയ രാജ്യത്ത് ആരംഭിച്ചെങ്കിലും പത്ത് വയസിൽ താഴെയുളളവരും 65 വയസിന് മുകളിലുളളവരും ഇപ്പോഴും പൂർണ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാനാകുന്നില്ല. ഇത് അവരിൽ വലിയ മാനസിക പിരിമുറുക്കങ്ങൾക്കും മറ്റ് പ്രശ്‌നങ്ങൾക്കും വഴി വച്ചിട്ടുണ്ട്. മറ്റ് മനുഷ്യരുമായി സമ്പർക്കം അത്യാവശ്യമായി വേണ്ട ഇവർക്ക് സമ്പർക്കവിലക്ക് വലിയ ദോഷം ചെയ്‌തു.
എന്നാൽ ലോക്‌ഡൗൺ മൂലമുളള മാനസിക പിരിമുറുക്കങ്ങളും കുഴപ്പങ്ങളും ഇവരെ മാത്രമല്ല എല്ലാ പ്രായക്കാരെയും ഒരുപോലെ ബാധിക്കുന്നതായാണ് ഇന്ത്യൻ മനോരോഗ വിഭാഗ സർവെ(ഐപിഎസ്) യിൽ കാണുന്നത്. കൗമാരക്കാരും കോളേജ് വിദ്യാർത്ഥികളും മറ്റ് കുട്ടികളും വെർച്വൽ ക്ളാസ്റൂമിലും സമൂഹമാദ്ധ്യമങ്ങളിലുമായി മിക്ക സമയവും ചിലവിടുന്നു.
മുതിർന്ന തൊഴിൽ ചെയ്യുന്നവർക്കും കാര്യങ്ങൾ എളുപ്പമല്ല.ഐസൊലേഷനിലാവുകയും വീട്ടിലിരുന്ന് തൊഴിൽ ചെയ്യേണ്ട പുതിയ തൊഴിൽ സംസ്‌കാരവും അതിൽ ദിനേന ഉണ്ടാകുന്ന മാറ്റങ്ങളും അവരിലെ ആത്മ നിയന്ത്രണം നഷ്‌ടമാക്കുകയും സ്‌ട്രെസ് വർദ്ധിക്കാൻ കാരണമാകുകയും ചെയ്യുന്നു.
മുൻപ് മാനസികാരോഗ്യം എന്നത് ഇന്ത്യയിൽ സുപ്രധാനമായ ഒരു ഘടകമായിരുന്നില്ല. എന്നാൽ പുത്തൻ മാറ്റങ്ങൾ അതിലേക്ക് വെളിച്ചം വീശി.
പുതിയതായി നടത്തിയ മാനസികാരോഗ്യ സർവേയിൽ മാനസികാരോഗ്യ പ്രശ്‌നങ്ങളിൽ 20 ശതമാനം വർദ്ധന സംഭവിച്ചതായി കണ്ടെത്തി.അഞ്ചിൽ ഒരു ഇന്ത്യക്കാരന് മാനസിക പിരിമുറുക്കം ഉണ്ടെന്ന് സർവേഫലം പറയുന്നു. ജീവിതത്തിലെ അനിശ്ചിതത്വം, സാമൂഹിക അകലം പാലിക്കൽ,നിയന്ത്രണങ്ങൾ,ഇവ മൂലം ജനങ്ങൾ വല്ലാതെ കഷ്‌ടപ്പെടുന്നു.
അദ്ധ്യാപകരിലും മാനസിക പിരിമുറുക്കങ്ങളോ സ്‌ട്രെസും വർദ്ധിച്ചു. 75 ശതമാനം അദ്ധ്യാപകരും ഇത് അനുഭവിച്ചു.
ഇവയെ എങ്ങനെ നേരിടും എന്ന് അറിയാതെ ജനം വലയുകയാണ്. ഈ പ്രതിസന്ധി ഘട്ടം ഈ വഴികളിലൂടെ അകറ്റാം. ആദ്യമായി വേണ്ടത് ആശങ്കയോ മനപ്രയാസമോ ഉണ്ടെങ്കിൽ അവ മൂടി വയ്‌ക്കാതിരിക്കലാണ്. എന്തെങ്കിലും പ്രവർത്തികളിൽ മുഴുകുന്നത് പിരിമുറുക്കം കുറയ്‌ക്കാൻ സഹായിക്കും. വീട്ടിനുളളിൽ തന്നെ ചെയ്യാവുന്ന വ്യായാമങ്ങൾ തുടരണം.അത്തരത്തിൽ മാനസികവും ശാരീരികവുമായി ആരോഗ്യത്തോടെ കഴിയാം.
പോഷകാഹാരങ്ങൾ കഴിക്കുന്നത് മാനസിക പിരിമുറുക്കം കുറയ്‌ക്കാൻ നല്ലതാണ്. നല്ല പോഷകങ്ങൾ അടങ്ങിയ നാരുകൾ അടങ്ങിയ ആഹാരം കഴിക്കുകയും ആവശ്യത്തിന് വെളളം കുടിക്കുകയും ചെയ്യുക. നിരവധി നേരം സമൂഹമാദ്ധ്യമങ്ങളിലും വാർത്തകളിലും കഴിയുന്നത് മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കുകയേ ഉളളൂ.അതിനാൽ സമൂഹമാദ്ധ്യമങ്ങളിൽ ചെലവഴിക്കുന്ന സമയം കർശനമായി കുറയ്‌ക്കുക.
ചെറുപ്പക്കാർ മുതിർന്നവർക്ക് സഹായം ചെയ്യാൻ മുന്നോട്ട് വരേണ്ടതുണ്ട്.അവരിൽ ആശങ്കയകറ്റാൻ മതിയായ ഇടപെടൽ നടത്തേണം. സ്വയം ആശങ്കയില്ലാതെയിരിക്കാൻ സുഹൃത്തുക്കളുമായി നന്നായി ഇടപെടുക. മറ്റുളളവർക്ക് സഹായം വേണ്ടിവന്നാൽ മതിയായ സഹായം നൽകുക. ഇത്തരത്തിൽ മാനസികാരോഗ്യം ക്രമപ്പെടുത്തി മുന്നോട്ട് പോകുന്നത് ഈ പ്രതിസന്ധി കാലത്ത് അത്യാവശ്യമാണ്.