tik-tok

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ എന്നീ സോഷ്യൽ മീഡിയ ആപ്പുകളെടുത്ത് നോക്കിയാൽ ഒരു കാര്യം നമുക്ക് എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. ഈ ടെക്ക് സംരംഭങ്ങൾ അവയുടെ സ്ഥാപനത്തിന് ശേഷവും ഏറെ വർഷങ്ങൾ കഴിഞ്ഞാണ് കാര്യമായ പ്രചാരവും, പ്രശസ്തിയും യൂസേഴ്സിനെയും നേടിയെടുത്തതെന്നതാണത്. 2006ൽ പുറത്തിയ ട്വിറ്റർ, 2004ൽ സ്ഥാപിക്കപ്പെട്ട ഫേസ്ബുക്ക്, 2010ൽ അവതരിപ്പിക്കപ്പെട്ട ഇൻസ്റ്റാഗ്രാം എന്നിവ ഏറെ നാളുകളെടുത്താണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്.

എന്നാൽ ഇങ്ങനെയല്ലാതെ മൂന്നോ നാലോ വർഷം കൊണ്ടുതന്നെ ലോകമാകമാനമുള്ള ജനങ്ങൾ ഉപയോഗിക്കുന്ന തലത്തിലേക്ക് തങ്ങളുടെ ആപ്പിനെ വളർത്തിയെടുത്ത ഒരു ചൈനീസ് കമ്പനിയുണ്ട്. ഇന്ത്യ അടുത്തിടെ നിരോധിച്ച വീഡിയോ സ്‌ട്രീമിംഗ്‌ ആപ്പായ 'ടിക് ടോക്കി'ന്റെ ഉടമ 'ബൈറ്റ്ഡാൻസ്'. 2016ലാണ് ടിക് ടോക് ലോകത്തിനു മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്.

തുടർന്ന്, ഈ ഷോർട്ട് വീഡിയോ ഷെയറിംഗ് ആപ്പിന്റെ വളർച്ച ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഫേസ്‍ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾക്ക് അവകാശപ്പെടാൻ കഴിയാത്ത ഇത്തരത്തിലെ വമ്പൻ ഉയർച്ച ഒരു ചൈനീസ് ആപ്പ് നേടിയെടുത്തതെങ്ങനെയാണ്? മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിൽ നിന്നും വ്യത്യസ്തമായി പ്രവർത്തിക്കുന്ന ടിക് ടോക്കിന്റെ അൽഗരിതമാണ് ഈ വിജയരഹസ്യം.

സാധാരണഗതിയിൽ, നാം ആദ്യമായി ഫേസ്ബുക്ക് പോലെയുള്ള ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ ഭാഗമാകുമ്പോൾ നമ്മൾ ആഗ്രഹിക്കുന്നതായ, നമ്മുടെ അഭിരുചികൾക്ക് യോജിക്കുന്നതായ, ഫീഡ് ലഭിക്കുന്നതിനായി 'ചില്ലറ പണികൾ' ചെയ്യേണ്ടതുണ്ട്. നമുക്ക് താത്പര്യമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള, അതിനോട് യോജിച്ച പേജുകളും അക്കൗണ്ടുകളും ഫോളോ ചെയ്യുക, അത്തരം പോസ്റ്റുകൾക്ക് സ്ഥിരമായി ലൈക്കുകൾ നൽകുക എന്നിവ അതിൽ ചിലതാണ്. എന്നാൽ ടിക് ടോക്കിന്റെ കാര്യത്തിൽ നാം ഇക്കാര്യങ്ങളൊന്നും ചെയ്യേണ്ടതില്ലെന്ന കാര്യം അധികമാരും അങ്ങനെ ശ്രദ്ധിച്ചുകാണില്ല.

ടിക് ടോക് നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞ്, അത് ഉപയോഗിക്കാൻ തുടങ്ങുമ്പോൾ നാം പ്രത്യേകമായി അതിലെ അക്കൗണ്ടുകൾ ഫോളോ ചെയ്യുകയോ, വീഡിയോകൾ ലൈക്ക് ചെയ്യുകയോ വേണ്ട. പകരം, നാം ഒന്നും ചെയ്യാതെ തന്നെ ആപ്പ് ഒരു കൂട്ടം വീഡിയോകൾ നമ്മുടെ മുൻപിലേക്ക് എത്തിക്കുകയാണ്. യൂസേഴ്സ് ഈ വീഡിയോകൾ കണ്ടാൽ മാത്രം മതി. മിക്കവാറും സമയങ്ങളിൽ, ആപ്പ് ഉപയോഗിക്കുന്ന പുരുഷന്മാരെ ആകർഷിക്കാൻ അർദ്ധനഗ്നകളായ സ്ത്രീകളുടെ വീഡിയോകളും, സ്ത്രീകളെ ആകർഷിക്കാൻ ശരീരസൗന്ദര്യമുള്ള പുരുഷന്മാരുടെ വീഡിയോകളുമാണ് ടിക് ടോക് ഉപയോഗിക്കുക.

യൂസേഴ്സ് തങ്ങളുടെ വീഡിയോകൾ ലൈക്ക് ചെയ്ത് തുടങ്ങുന്നതോടെ അവരുടെ താത്‌പര്യങ്ങൾ കൃത്യമായി മനസിലാക്കികൊണ്ട് അതിന് അനുയോജ്യമായ വീഡിയോകളാകും ആപ്പ് അവരുടെ മുന്നിലേക്ക് എത്തിച്ചുകൊണ്ടിരിക്കുക. സ്വാഭാവികമായും ഇവർ ആപ്പിൽ നിന്നും വിട്ടുപോകാതെ കൂടുതൽ വീഡിയോകൾ കാണുന്നതിനും ഇത്തരം വീഡിയോകൾ സൃഷ്ടിക്കുന്നതിനുമായി ടിക് ടോക്കിൽ തുടരുകയും ചെയ്യും.

ക്രമേണ, തങ്ങളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങുന്ന ഇ-മെയിൽ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഇവർ ടിക് ടോക്കിന്റെ ഭാഗമായി മാറുകയാണ് ചെയ്യുക. ഇങ്ങനെ ഉപഭോക്താക്കളെ 'കുരുക്കിലാക്കുന്ന' ടിക് ടോക് ക്രമേണ അവരുടെ സ്വകാര്യ വിവരങ്ങൾ വൻതോതിൽ ചോർത്താൻ തുടങ്ങുകയും ചെയ്യും. തങ്ങൾ ഉപഭോക്താക്കളുടെ ഡാറ്റ പുറത്തുവിടാറില്ലെന്ന് ടിക് ടോക് ആണയിടുന്നുണ്ടെങ്കിലും അത് അങ്ങനെയങ്ങ് വിശ്വസിക്കാൻ കഴിയാത്തത് ടിക് ടോക് അൽഗരിതത്തിന്റെ ഈ 'വിശിഷ്ടമായ' പ്രവർത്തനരീതി കൊണ്ടുതന്നെയാണ്.

ഇക്കാര്യം മനസിലാക്കികൊണ്ടു തന്നെയാണ് കേന്ദ്ര സർക്കാർ ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾ ഇന്ത്യയിൽ നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടതും. 2016ൽ ടിക് ടോക് ആരംഭിക്കുമ്പോൾ അതിന്റെ സ്ഥാപകനായ ഷാങ്ങ് സിമിങ്ങ് തന്റെ ജീവനക്കാരോടായി പറഞ്ഞിരുന്ന ഒരു കാര്യവും നാം ഈ വസ്തുതകളുടെ പശ്ചാത്തലത്തിൽ ഓർക്കേണ്ടതുണ്ട്.

'ലോകത്തിലെ അഞ്ചിലൊന്ന് ഇന്റർനെറ്റ് ഉപഭോക്താക്കൾ മാത്രമേ ചൈനയിലുള്ളൂ. അതുകൊണ്ട് നമ്മൾ വേഗത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ ലോകത്തിലെ ബാക്കിയുള്ള ഉപഭോക്താക്കളെ നമുക്ക് നഷ്ടമാകും. നമ്മൾ അതിവേഗം തന്നെ ആഗോളതലത്തിൽ തന്നെ പ്രവർത്തനങ്ങൾ വിപുലീകരിക്കണം.' സ്വന്തം പൗരന്മാരുടെ മാത്രമല്ല മറ്റ് രാജ്യങ്ങളിലെ പൗരന്മാരുടെ കൂടി വിവരങ്ങളും ചോർത്തി ശീലമുള്ള രാജ്യമാണ് ചൈന. അതുകൊണ്ടുതന്നെ, ചൈനയിലെ ഒരു സംരംഭകൻ ഇങ്ങനെ പറഞ്ഞതിൽ വലിയ അത്ഭുതമൊന്നും തോന്നേണ്ടതില്ല.