thiruvananthapuram


തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 566 പേർക്ക്. ഇതിൽ 541 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം 393 പേർക്ക് ഇന്ന് ജില്ലയിൽ രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പ് നൽകുന്ന കണക്ക് പ്രകാരം തിരുവനന്തപുരത്ത് നിലവിൽ 5094 പേരാണ് രോഗം മൂലം ചികിത്സയിൽ കഴിയുന്നത്.

നിലവിൽ 20,879 പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം വന്നത്. തിരുവനന്തപുരത്ത് 15,707 പേർക്ക് ഇതുവരെ രോഗമുക്തിയും ഉണ്ടായിട്ടുണ്ട്. ജില്ലയിൽ മരണമടഞ്ഞ നാല് പേർക്ക് രോഗബാധ ഉണ്ടായിരുന്നുവെന്നും ആലപ്പുഴ എൻ.ഐ.വി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ തിരുവനന്തപുരത്ത് രോഗം മൂലം ഉണ്ടായ മരണങ്ങളുടെ എണ്ണം 140 ആയി ഉയർന്നിട്ടുണ്ട്.

ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം ഫോര്‍ട്ട് സ്വദേശിനി ഭഗവതി (78), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ നെയ്യാറ്റിന്‍കര സ്വദേശി ജയിംസ് (76), കാലടി സ്വദേശി പദ്മനാഭന്‍ പോറ്റി (101), ഉഴമലയ്ക്കല്‍ സ്വദേശി റുഹിയാ ബീവി (76), മണക്കാട് സ്വദേശിനി ഇഷാ ബീവി (72), പൂജപ്പുര സ്വദേശി വിജയലക്ഷ്മി അമ്മ (88) എന്നിവർക്കാണ് കൊവിഡ് രോഗം ഉണ്ടായിരുന്നതായി ഇന്ന് സ്ഥിരീകരിച്ചത്.