കൊച്ചി: അമേരിക്കൻ ഓഹരി വിപണിയുടെ കനത്ത നഷ്‌ടത്തെത്തുടർന്ന്, ക്രൂഡോയിൽ വില ഇന്നലെ ആടിയുലഞ്ഞു. കൊവിഡും നിയന്ത്രണങ്ങളും മൂലം ആഗോളതലത്തിൽ ഡിമാൻഡ് കുറഞ്ഞെങ്കിലും ഉത്‌പാദനം കൂടുന്നതും എണ്ണവിലയെ ബാധിക്കുന്നുണ്ട്.
യു.എസ് ക്രൂഡ് വില ഇന്നലെ ബാരലിന് 0.5 ശതമാനം നഷ്‌ടവുമായി 37.13 ഡോളറിലെത്തി. ഒരുവേള ബാരലിന് 30.78 ഡോളർ വരെ താഴ്‌ന്ന ബ്രെന്റ് ക്രൂഡ് വ്യാപാരാന്ത്യമുള്ളത് 0.57 ശതമാനം നഷ്‌ടവുമായി 39.83ലാണ്. ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള ബ്രെന്റ് ക്രൂഡാണ് ഇന്ത്യ പ്രധാനമായും വാങ്ങുന്നത്.
ഇന്ത്യയുടെ വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്) പക്ഷേ, ഉയർന്നു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം കുറഞ്ഞതാണ് മുഖ്യ കാരണം. ബാരലിന് 0.35 ശതമാനം വർദ്ധനയുമായി 39.70 ഡോളറായിരുന്നു ഇന്നലെ ഇന്ത്യൻ വാങ്ങൽവില.
ഈവർഷം ജനുവരിയിൽ 70 ഡോളറായിരുന്ന ഇന്ത്യൻ ബാസ്‌കറ്റ്, ലോക്ക്ഡൗണിലെ ഡിമാൻഡിടിവിനെ തുടർന്ന്, ഏപ്രിലിൽ 17.23 ഡോളർ വരെ താഴ്‌ന്നിരുന്നു.
പെട്രോൾ, ഡീസൽ
വില താഴേക്ക്
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയുകയാണ്. പെട്രോൾ വില ഇന്നലെ (തിരുവനന്തപുരം) ലിറ്ററിന് 13 പൈസ താഴ്‌ന്ന് 83.69 രൂപയായി. 12 പൈസ താഴ്‌ന്ന് 78.47 രൂപയാണ് ഡീസലിന്.
ഡിമാൻഡ് ഇല്ല!
ഇന്ത്യയിൽ ഇന്ധന ഡിമാൻഡ് ഇനിയും കരകയറിയിട്ടില്ല. ആഗസ്‌റ്റിൽ ഡിമാൻഡ് 16 ശതമാനം കുറഞ്ഞു. ഡീസൽ 12 ശതമാനം, പെട്രോൾ 7.4 ശതമാനം എന്നിങ്ങനെയാണ് ഇടിവ്.