തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്ത സംഭവത്തിൽ ഇ.ഡിക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. മന്ത്രിയെ ചോദ്യം ചെയ്ത വിവരം പരസ്യപ്പെടുത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി രാഷ്‌ട്രീയ പ്രേരിതമെന്ന് സി.പി.എം സെക്രട്ടറിയേറ്റ് ആരോപിച്ചു. മന്ത്രിയില്‍ നിന്നും കാര്യങ്ങൾ തേടിയ വിവരം പുറത്തുവിട്ട ഇ.ഡി മേധാവിയുടെ നടപടി അസാധാരണമാണെന്നും സി.പി.എം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
നയതന്ത്ര ബാഗേജുകള്‍ അയച്ചവരേയും കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാന്‍ മൂന്നു കേന്ദ്ര ഏജന്‍സികളും തയ്യാറാകാത്തതിൽ ദുരൂഹതയുണ്ട്. കേന്ദ്ര സർക്കാർ ഇ.ഡിയെ രാഷട്രീയപരമായി ഉപയോഗിക്കുകയാണെന്ന ആക്ഷേപം നിലനിൽക്കുന്നുവെന്നും സി.പിഎം വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇ.ഡി ചോദ്യം ചെയ്തുവെന്നതിന്റെ പേരിൽ കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെയും ബി.ജെ.പിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണ്. കോണ്‍ഗ്രസ്സ് ബി.ജെ.പിയുടെ ബി ടീം തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും സി.പി.എം സെക്രട്ടറിയേറ്റ് പറഞ്ഞു.
ബി.ജെ.പി അനുകൂല ചാനലിന്റെ കോർഡിനേറ്റിംഗ് എഡിറ്ററെ ചോദ്യം ചെയ്തതിനു ശേഷം തുടർ നടപടികളില്ലാത്തതും കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റങ്ങളും ജനങ്ങളിൽ സംശയം സൃഷ്ടിച്ചിട്ടുണ്ട്. കേസിൽ പ്രതി ചേർക്കപ്പെട്ട ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ വിദേശ മന്ത്രാലയവും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. എൻ.ഐ.എയും കസ്റ്റംസിനേയും നിഷേധിച്ച് നയതന്ത്ര ബാഗേജല്ല എന്ന നിലപാട് തുടർച്ചയായി സ്വീകരിച്ച വി.മുരളീധരൻ ഈ വകുപ്പിലെ സഹമന്ത്രിയാണെന്നത് ഇതിനു കാരണമായിരിക്കാമെന്നും സി.പി.എം സെക്രട്ടറിയേറ്റ് ആരോപിച്ചു.
അതേസയമയം മുസ്ലീം ലീഗിന്റെ എം.എൽ.എ കമറൂദ്ദിനെതിരെ ഉയർന്ന 150 കോടിയിൽപരം രൂപയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് നാടിനെ ഞെട്ടിച്ചതാണ്. വഖഫ് ഭൂമി തിരിമിറി നടത്തിയതിലും നിക്ഷേപ തട്ടിപ്പിലും എം.എൽ.എ യ്ക്കുള്ള പങ്ക് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇത് മൂടിവയ്ക്കാനും വഴിതിരിച്ചു വിടാനുമാണ് കെ.ടി.ജലീലിന്റെ പേരിൽ യു.ഡി.എഫ് അക്രമവും കലാപവും സൃഷ്ട്ടിക്കുന്നതെന്നും സി.പി.എം സെക്രട്ടറിയേറ്റ് പത്രക്കുറിപ്പിൽ പറയുന്നു.