ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ വെച്ച് ഫോട്ടോ പകര്‍ത്തിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഡി.ജി.സി.എ. വിമാനത്തിനകത്തു വെച്ച് ആരെങ്കിലും ഫോട്ടോ എടുക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ആ വിമാനം രണ്ടാഴ്ച പറക്കാന്‍ അനുവദിക്കില്ലെന്ന് ഡി.ജി.സി.എ വ്യക്തമാക്കി. നടി കങ്കണ റനൗട്ട് സഞ്ചരിച്ച ഇന്‍ഡിഗോ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ തിരക്കുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഡി.ജി.സി.എയുടെ മുന്നറിയിപ്പ്.
സുരക്ഷാ മുന്‍കരുതലുകളും കൊവിഡ് സാമൂഹിക അകലവും ലംഘിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചണ്ഡിഗഢ് - മുംബയ് ഇന്‍ഡിഗോ വിമാനത്തില്‍ തിരക്കുണ്ടാക്കിയ സംഭവത്തില്‍ 'ഉചിതമായ നടപടി' സ്വീകരിക്കാന്‍ വിമാനക്കമ്പനിയോട് ഡി.ജി.സി.എ നിര്‍ദേശിച്ചു. വിമാനത്തിന്റെ മുന്‍നിരയില്‍ ഇരിക്കുകയായിരുന്ന കങ്കണയുടെ പ്രതികരണത്തിനായി മാധ്യമ റിപ്പോര്‍ട്ടര്‍മാരും ക്യാമറമാന്‍മാരും വിമാനത്തിനുള്ളില്‍ തിരക്കു കൂട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
ഇനി മുതല്‍ ഷെഡ്യൂള്‍ഡ് വിമാനത്തിനുള്ളില്‍ എന്തെങ്കിലും നിയമലംഘനമുണ്ടായാല്‍ ആ പ്രത്യേക റൂട്ടിലെ വിമാനത്തിന്റെ ഷെഡ്യൂള്‍ പിറ്റേ ദിവസം മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു.' ഡി.ജി.സി.എ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.