ന്യൂഡൽഹി: അടുത്ത പത്ത് വർഷം കൊണ്ട് കേരളത്തെ ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റണമെന്ന വിവാദ പ്രസ്താവനയുമായി ഇസ്ലാമിക മതപ്രഭാഷകൻ മുജാഹിദ് ബാലുശേരി. ഇയാൾ ഇത്തരത്തിൽ വർഗീയ പ്രസ്താവനകൾ നടത്തുന്നതിന്റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും അത് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വീഡിയോകളിൽ ഒന്നിൽ കേരളം ഒരു 'ഖിലാഫത്ത്' ആക്കി മാറ്റണമെന്നും സംസ്ഥാനത്തെ ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിനായി പ്രയത്നിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ മുസ്ലിം മതവിശ്വാസികളും വെള്ളിയാഴ്ചകളിൽ 'മുജാഹിദ്'('ജിഹാദി'ക്ക് തുല്യമായ അറബിക് പദം) പള്ളികളിൽ പോകണമെന്നും മുജാഹിദ് ബാലുശേരി പറയുന്നു.
കേരളത്തിലെ തബ്‌ലീഗ് ജമാഅത്തിന്റെ യും സുന്നിയുടെയും പള്ളികൾ മുജാഹിദുകൾക്ക് നിസ്കാരത്തിന് വിട്ടുകൊടുക്കാൻ മുജാഹിദ് പറയുന്നത്. ഇങ്ങനെ ചെയ്തുകൊണ്ട് വലിയൊരു ലക്ഷ്യം പൂർത്തീകരിക്കാനുണ്ടെന്നും ഇസ്ലാമിക മതപ്രഭാഷകൻ പറയുന്നുണ്ട്.
ഇതോടൊപ്പം ക്ഷേത്രങ്ങൾക്ക് സംഭാവനകൾ നൽകുന്നത് 'കൊടിയ കുറ്റമാണെ'ന്ന് ഇയാൾ പറയുന്ന വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോകൾ ഉറവിടം ഏതാണെന്നോ എവിടെ വച്ചാണ് അവ ചിത്രീകരിച്ചതെന്നോ ഉള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 2017ൽ ഇയാൾ നടത്തിയ പ്രസ്താവനകൾ ദേശീയ മാദ്ധ്യമമായ 'ടൈംസ് നൗ' റിപ്പോർട്ട് ചെയ്തിരുന്നു.
2016 മുതൽ ഇയാൾ ഇത്തരത്തിലുള്ള വർഗീയ പ്രസ്താവനകൾ നടത്തുന്നുണ്ടെന്നും ദേശീയ മാദ്ധ്യമം പറയുന്നുണ്ട്. ദേശീയ മാദ്ധ്യമങ്ങളടക്കം വിഷയം ചർച്ച ചെയ്തതോടെ ഇയാളുടെ പ്രഭാഷണങ്ങൾ വിവാദമായിരിക്കുകയാണ്. മുജാഹിദിന്റെയും മറ്റ് ഇസ്ലാമിക മതപ്രഭാഷകരുടെയും പ്രസ്താവനകളിൽ കേരളത്തിലെ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
'കേരളത്തിന്റെ സാക്കിർ നായിക്ക്' എന്നാണ് ചില മാദ്ധ്യമങ്ങൾ മുജാഹിദിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ മുസ്ലീങ്ങൾ രാജ്യം വിടണമെന്നും, അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ 'മുസ്ലീങ്ങളോട് പ്രതിപത്തി കാട്ടുന്ന' സംസ്ഥാനങ്ങളിലേക്ക് അവർ പോകണമെന്നും ഏതാനും ആഴ്ച്ചകൾക്ക് മുൻപ് മതപ്രഭാഷകൻ സാക്കിർ നായിക്ക് തന്റെ ഫേസ്ബുക്ക് വീഡിയോ വഴി പറഞ്ഞിരുന്നു.