യു.എസ് ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനലിൽ തീമും സ്വരേവും ഏറ്രുമുട്ടും
ന്യൂയോർക്ക്: ഡൊമിനിക്ക് തീമോ, അലക്സാണ്ടർ സ്വരേവോ... യു.എസ് ഓപ്പൺ പുരുഷ സിംഗിൾസിലെ പുതിയ ചാമ്പ്യനാരെന്നറിയാനുള്ള കാത്തിരിപ്പിന് ഒരു പകലിന്റെ ദൂരം മാത്രം. ഇന്ത്യൻ സമയം ഇന്ന് അർദ്ധ രാത്രി 1.30 മുതലാണ് ഫൈനൽ. ഇതുവരെ യു.എസ് ഓപ്പൺ നേടിയിട്ടില്ലാത്ത താരങ്ങളാണ് ഇരുവരും. അതിനാൽ തന്നെ പുരുഷ സിംഗിൾസിൽ പുതിയ കിരീടാവകാശിക്കായാണ് അർതർ ആഷെ സ്റ്റേഡിയം കാത്തിരിക്കുന്നത്.
സെമിയിൽ വാശിേറിയ പോരാട്ടത്തിൽ സ്പാനിഷ് താരം പാബ്ലോ കരേനൊ ബുസ്റ്രയെ വീഴ്ത്തിയാണ് ജർമ്മൻ സൂപ്പർതാരം അലക്സാണ്ടർ സ്വരേവ് തന്റെ ആദ്യ ഗ്രാൻഡ് സ്ലാം ഫൈനലുറപ്പിച്ചത്. ആദ്യ രണ്ട് സെറ്രും നഷ്ടമാക്കിയ ശേഷമാണ് സ്വപ്ന സമാനമായ തിരിച്ചുവരവ് നടത്തി അടുത്ത മൂന്ന് സെറ്റും സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറിയത്. സ്കോർ: 3-6, 2-6, 6-3,6-4,6-3. ആദ്യ രണ്ട് സെറ്രുകളിൽ 36 അൺഫോഴ്സ്ഡ് എററുകളാണ് സ്വരേവ് വരുത്തിയത്. എന്നാൽ മൂന്നാം സെറ്രിൽ ബ്രേക്ക് പോയിന്റുകൾ നേടി 6-3ന് ആ സെറ്ര് സ്വന്തമാക്കിയാണ് സ്വരേവ് മത്സരം തന്റെ വരുതിയിലേക്ക് തിരിച്ചത്. നാലാം സെറ്രിൽ ഇരുവരും സർവീസ് ബ്രേക്ക് ചെയ്തെങ്കിലും പതറാതെ കളിച്ച സ്വരേവ് ആ സെറ്രും സ്വന്തമാക്കി. തുടർന്ന് നിർണായകമായ അഞ്ചാം സെറ്രും നേടി ജർമ്മൻ യുവതാരം ഫൈനലിന് യോഗ്യത ഉറപ്പിക്കുകയായിരുന്നു. 3 മണിക്കൂറും 25 മിനിട്ടും നീണ്ട് നിന്ന പോരാട്ടത്തിനൊടുവിലാണ് സ്വരേവിന്റെ വിജയം. മത്സരത്തിനിടെ ബുസ്റ്റ വൈദ്യസഹായം തേടിയിരുന്നു. റെയ്നർ ഷട്ട്ലർക്ക് (2003, ആസ്ട്രേലിയൻ ഓപ്പൺ) ശേഷം ഒരു ഗ്രാൻഡ്സ്ലാം ടൂർണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ജർമ്മൻ പുരുഷ താരമാണ് സ്വരേവ്. ബുസ്റ്റയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിനിടെയാണ് ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് ലൈൻ ജഡ്ജിതിരെ പന്തടിച്ചതിന് അയോഗ്യനായത്.
മറ്രൊരു സെമിയിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവിനെ നേരിട്ടുള്ള സെറ്രുകളിൽ കീഴടക്കിയാണ് ആസ്ട്രിയൻ താരം ഡൊമിനിക്ക് തീം ഫൈനലിലെത്തിയത്. 6-2ന് ആദ്യ സെറ്റ് അനായാസം നേടിയെങ്കിലും അടുത്ത രണ്ട് സെറ്രുകളിലും ടൈബ്രേക്കറോളം എത്തിയ മെദ്‌വദേവിന്റെ വെല്ലുവിളി മറികടന്നാണ് തീം വിജയക്കൊടി നാട്ടിയത്. സ്കോർ: 7-6, 7-6. വനിതാ ഡബിൾസിൽ വേര സ്വനരേവ- ലൗറ സെയ്‌ഗ്മുണ്ട് സഖ്യം ചാമ്പ്യൻമാരായി. ഫൈനലിൽ സ്വൂയിഫാൻ -നിക്കോൾ മെലിഷർ സഖ്യത്തെ 6-4,6-4നാണ് സ്വെനരേവ-സെഗ്മുണ്ട് സഖ്യം കീഴടക്കിയത്.
ആദ്യ രണ്ട് സെറ്ര് നഷ്ടമാക്കിയ ശേഷം സ്വരേവ് ജയിക്കുന്നത് ആദ്യമായി
ഇത്തവണത്തെ ആസ്ട്രേലിയൻ ഓപ്പൺ സെമിയിലെത്തിയതാണ് മികച്ച പ്രകടനം
ഇത്തവണത്തെ ആസ്ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്രാണ് തീം
ലക്ഷ്യമിടുന്നത് കന്നി ഗ്രാൻഡ്സ്ലാം കിരീടം