aditya-paudwal-

മുംബയ് : പ്രശസ്ത പിന്നണി ഗായിക അനുരാധ പഡ്‌വാളിന്റെയും അന്തരിച്ച സംഗീത സംവിധായകൻ അരുൺ പഡ്‌വാളിന്റെയും മകനും സംഗീത സംവിധായകനുമായ ആദിത്യ പഡ്‌വാൾ അന്തരിച്ചു. 35 വയസായിരുന്നു. മുംബയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചില ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. ശ്വാസകോശത്തിന്റെയും ഇരു വൃക്കകളുടെയും പ്രവർത്തനം തകരാറിലായതോടെ കഴിഞ്ഞ നാല് ദിവസമായി ഐ.സി.യുവിലായിരുന്നു. സംഗീത സംവിധായകനും ഗായകനുമായ ശങ്കർ മഹാദേവനാണ് ആദിത്യയുടെ മരണ വാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പങ്കജ് ഉദാസ്, അർമാൻ മാലിക് തുടങ്ങി സംഗീത ലോകത്ത് നിന്നും നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു. മ്യൂസിക് അറേഞ്ചർ കൂടിയായ ആദിത്യ, നവാസുദ്ദീൻ സിദ്ദിഖ്വി അഭിനയിച്ച ' താക്കറെ ' എന്ന ചിത്രത്തിലാണ് അവസാനമായി പ്രവർത്തിച്ചത്.