oommen-chandy

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീല്‍ നൽകിയ സര്‍ക്കാർ നടപടി കേരളത്തിന്റെ നെഞ്ചുതകര്‍ത്തെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഈ സര്‍ക്കാരില്‍ നിന്ന് ഒരു നീതിയും പ്രതീക്ഷിക്കേണ്ടെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായതായും ഉമ്മൻ ചാണ്ടി പറഞ്ഞു. ഒന്നരവര്‍ഷമായി മക്കളെ നഷ്ടപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും കുടുംബം നീതിക്കുവേണ്ടി നിലവിളിക്കുകയാണ്. ഇവരുടെ പ്രതീക്ഷ വീണ്ടും കൊട്ടിയടയ്ക്കുകയാണ് സർക്കാർ ചെയ്തതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

കേസ് സി.ബി.ഐ ക്കുവിട്ട ഹൈക്കോടതി വിധിക്കെതിരേ ഇടതുസര്‍ക്കാര്‍ രംഗത്തുവന്നത് എല്ലാവരെയും വേദനിപ്പിച്ചിരുന്നു. മോദി സര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗ്, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ എന്നിവര്‍ക്ക് കേരളത്തിന്റെ ഖജനാവില്‍ നിന്ന് 88 ലക്ഷം രൂപയാണ് നൽകിയത്. സുപ്രീംകോടതിയില്‍ കേസു നടത്താന്‍ ലക്ഷങ്ങള്‍ ഇനിയും വേണ്ടിവരും.രണ്ടു ചെറുപ്പക്കാരെ നിഷ്ഠൂരമായി കൊന്നശേഷം പാര്‍ട്ടിക്കൊലയാളികളെ സംരക്ഷിക്കാന്‍ നികുതിപ്പണം ചെലവഴിക്കുന്നുവെന്നും ഇത് അധാര്‍മികമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേസിലെ ഒന്നാം പ്രതിയും 14 പ്രതികളില്‍ ഭൂരിപക്ഷവും സി.പി.എമ്മുകാര്‍ ആയതിനാല്‍ കേസ് തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങള്‍ തുടക്കം മുതല്‍ ഉണ്ടായിരുന്നു. പ്രതികളുടെ വാക്കുകള്‍ വേദവാക്യംപോലെ കരുതിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയതെന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചത്. വാദം പൂര്‍ത്തിയായ ശേഷം സര്‍ക്കാര്‍ ഇടപെട്ട് ഒമ്പതു മാസം വിധിപറയാതെ മരവിപ്പിച്ചു നിറുത്തിയെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.