ലണ്ടൻ: വാക്സിൻ കുത്തിവച്ച ഒരു വോളണ്ടിയർക്ക് അജ്ഞാതരോഗം കണ്ടതിനെ തുടർന്ന് താത്കാലികമായി നിർത്തിവെച്ച ഓക്സ്‌ഫോഡ് - അസ്ട്രാ സെനെക കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം പുനരാരംഭിച്ചു.
'ഇതു സംബന്ധിച്ച അന്വേഷണം അവസാനിച്ചു. അവലോകന കമ്മിറ്റിയുടേയും യു.കെ മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെയും (എം.എച്ച്.ആർ.എ) ശുപാർശകളെ തുടർന്ന് രാജ്യത്തുടനീളം വാക്‌സിൻ പരീക്ഷണം പുനരാരംഭിക്കും.'-ഓക്സ്‌ഫോഡ് സർവകലാശാല അറിയിച്ചു.
പരീക്ഷണത്തിന്റെ ഭാഗമായി 18,000 ത്തോളം സന്നദ്ധപ്രവർത്തകർക്ക് വാക്സിൻ കുത്തിവച്ചിരുന്നു. ഇതിൽ ഒരാൾക്കാണ് നാഡീ സംബന്ധമായ രോഗം ബാധിച്ചത്.
തുടർന്ന് ഇന്ത്യയിൽ ഓക്സ്‌ഫോഡ് വാക്സിന്റെ പരീക്ഷണം നടത്തുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടും പരീക്ഷണങ്ങൾ നിറുത്തിവച്ചിരുന്നു.