വണ്ണം കൂടിപ്പോയി എന്ന പരാതിയുമായി ജിമ്മിലേക്ക് ഓടുന്നവരെയും, നാമമാത്രം ഭക്ഷണം കഴിച്ചുകൊണ്ട് ദിവസങ്ങൾ തള്ളി നീക്കുന്നവരെയും നമ്മൾ ഏറെ കണ്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അവരെ അങ്ങനെയങ്ങ് കുറ്റം പറയാൻ കഴിയില്ല.
കാരണം, ശാരീരഭാരം കൂടുതലാണ് എന്ന ഒറ്റ കാര്യം കൊണ്ടുമാത്രം ചിലപ്പോഴൊക്കെ പരിഹാസം നേരിടേണ്ടി വരാറുള്ളത് കൊണ്ടും അതുമൂലം അപകർഷതാബോധം അനുഭവിക്കുന്നതുകൊണ്ടുമാണ് വണ്ണം കുറയ്ക്കുന്നതിന് വേണ്ടി അവർ കഷ്ടപ്പെടാറുള്ളത്.
എന്നാൽ ഇത്തരം കളിയാക്കലുകളെ, പരിഹാസനകളെ, നിസാരമായി തള്ളിക്കളഞ്ഞുകൊണ്ട്, ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്ന നിരവധി പേരുണ്ട്. എല്ലാ ശരീരത്തിനും അതിന്റേതായ ഭംഗിയുണ്ടെന്ന് വിശ്വസിക്കുന്ന ഇവരുടെ കൂട്ടത്തിലാണ് മുംബയ് ഡോംബിവലി സ്വദേശിയായ പിയാലി തോഷ്‌നിവാളിന്റെയും സ്ഥാനം.
2019ലെ മിസ് പ്ലസ് സൈസ് ഇന്ത്യ യൂണിവേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട പിയാലി, സംരംഭകയെന്ന പേരിലും ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന പേരിലും പ്രശസ്തയാണ്. ഇൻസ്റ്റാഗ്രാമിലൂടെ തന്റെ ശരീരഭംഗി ആഘോഷമാക്കുന്ന പിയാലിക്ക് ആരാധകരും ഏറെയാണ്.