laczette

ക്രിസ്റ്റൽ പാലസിനും ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ പുതിയ സീസണിൽ ആദ്യ ജയം ആഴ്സ‌നലിന്. ഇരുപത്തൊമ്പതാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇത്തവണ പ്രീമിയർ ലീഗിലേക്ക് സ്ഥാനക്കയയറ്റം കിട്ടിയെത്തിയ ഫുൾഹാമിനെയാണ് ആഴ്സനൽ കീഴടക്കിയത്. ആഴ്സ‌നലിന്റെ അലക്സാണ്ട്രെ ലക്കാസെട്ടെ ഈ സീസണിലെ ആദ്യ ഗോളിന് അവകാശിയായി. ലില്ലെയിൽ നിന്ന് ഈ സീസണിൽ ഗണ്ണേഴ്സിലെത്തിയ ബ്രസീലിയൻ ഗബ്രിയേൽ നായകൻ ഔബമെയാഗ് എന്നിവരും ആഴ്സനലിനായി ഫുൾഹാമിന്റെ വലയിൽ പന്തെത്തിച്ചു. ചെൽസിയിൽ നിന്നെത്തിയ മറ്റൊരു ബ്രസീലിയൻ താരം വില്യൻ രണ്ട് അസിസ്‌റ്രുകളുമായി ആഴ്സനലിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

ബാൾ പൊസഷനിലും പാസിംഗിലും ഷോട്ടുകളിലും ആഴ്സനലിന്റെ ആധിപത്യമായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാണികൾക്ക് പ്രവേശനമില്ലാതെ അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഫുൾഹാമിന്റെ ഹോം ഗ്രൗണ്ടായ ക്രാവൺ കോട്ടേജാണ് ഉദ്ഘാടന മത്സരത്തിന് വേദിയായത്.

മത്സരത്തിന്റെ എട്ടാം മിനിട്ടിൽ തന്നെ ഫുൾഹാം പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ലക്കാസെട്ടെ പീരങ്കിപ്പടയെ മുന്നിലെത്തിച്ചു. പെനാൽറ്രി ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ പൊടുന്നനെയുള്ള ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ലക്കാസെട്ടെ ഫുൾഹാമിന്റെ വലകുലുക്കുകയായിരുന്നു. തുടർന്ന് ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറന്നില്ല.

രണ്ടാം പകുതി തുടങ്ങി നാല് മിനിട്ടായപ്പോൾ തന്നെ ഗബ്രിയേലിലൂടെ ആഴ്‌സനൽ ലീഡുയർത്തി. വില്യനെടുത്ത കോർണറാണ് ഗബ്രിയേൽ ഗോളാക്കിയത്. തുടർന്ന് 57-ാം മിനിട്ടിൽ വില്യന്റെ പാസിൽ നിന്ന് തന്നെ ഔബ ആഴ്സനലിന്റെ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.

രണ്ടാം മത്സരത്തിൽ ക്രിസ്റ്റൽ പാലസ് ഏകപക്ഷീയമായ ഒരു ഗോളിന് സൗത്താംപ്‌ടണെ കീഴടക്കി. പതിമ്മൂന്നാം മിനിട്ടിൽ വിൽഫ്രഡ് സാഹയാണ് ക്രിസ്റ്റലിന്റെ വിജയ ഗോൾ നേടിയത്.

ലാലിഗയിൽ

ഗോൾ രഹിത തുടക്കം

സ്പാനിഷ് ലാ ലിഗയിലെ ഉദ്ഘാടന മത്സരത്തിൽ എയ്‌ബറും സെൽറ്റ വിഗോയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. പരുക്കൻ അടവുകൾ കണ്ട മത്സരത്തിൽ മിഡ്ഫീൽഡർ പാപകൗലി ദിയോപ് 87-ാം മിനിട്ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെത്തുടർന്ന് പത്ത് പേരുമായാണ് എയ്ബർ മത്സരം പൂർത്തിയാക്കിയത്.