pic

പൂനെ: ലോകം പണത്തിനും സ്വാർത്ഥതയ്ക്കും പിന്നാലെ ഓടുമ്പോൾ ഇന്നും മനസിൽ നന്മയും സ്ന്വേഹവും നഷ്‌ടപ്പെട്ടിട്ടില്ലാത്ത ചുരുക്കം ചില മനുഷ്യരും ഭൂമിയിൽ ജീവിച്ചിരുപ്പുണ്ട്. അത്തരം മനുഷ്യർ അവരുടെ സത്യസന്ധത കൊണ്ട് മറ്റുളളവരെ അത്ഭുതപ്പെടുത്തിയേക്കാം. ഇത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം മഹാരാഷ്‌ട്രയിലെ പൂനെ നഗരത്തിൽ നടന്നത്.

വിത്തൽമാപ്പർ എന്ന അറുപത്കാരന്റെ ഓട്ടോ റിക്ഷയിൽ കയറിയ ദമ്പതികളെ ഹദപ്‌സർ ബസ് സ്റ്റാൻഡിൽ ഇറക്കിയ ശേഷം തിരികെ മടങ്ങുന്ന വഴിയാണ് പിൻ സീറ്റിൽ ഒരു ബാഗ് കണ്ടത്. ബാഗ് തുറന്ന് നോക്കിയപ്പോൾ നിറയെ സ്വർണ്ണവും പണവും. കൊവിഡ് മൂലം ഏറെ സാമ്പത്തിക ദുരിതം അനുഭവിക്കുന്ന വിത്തലിന് പക്ഷേ ആ പണം എടുക്കാൻ തോന്നിയില്ല. ബസ് സ്റ്റാൻഡിൽ ഇറക്കി വിട്ടതിനാൽ ദമ്പതികൾ എവിടേക്ക് പോയെന്ന് കണ്ടെത്താനും ആയില്ല. തുടർന്ന് ഇയാൾ സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി ബാഗ് എൽപ്പിച്ചു.

നടപടി ക്രമങ്ങളുടെ ഭാഗമായി പൊലീസ് ബാഗ് പരിശോധിച്ചപ്പോൾ ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും പണവും കുറച്ചു വസ്ത്രങ്ങളും ഇതിൽ ഉളളതായി കണ്ടെത്തി. ദമ്പതികളെ ഇറക്കിവിട്ട ബസ് സ്റ്റാൻഡ് ഹദപ്‌സർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നതാണ്. ഇരു സ്റ്റേഷനുകളും തമ്മിൽ ബന്ധപ്പെട്ടതോടെയാണ് ദമ്പതികളും പണം നഷ്ടമായെന്ന് അറിയിച്ച് ഹദപ്‌സർ സ്റ്റഷനിലെത്തിയ കാര്യം വിത്തൽമാപ്പർ അറിയുന്നത്. ഡെപ്യൂട്ടി കമ്മീഷണർ സുഹാസ് ബാവെയുടെ സാന്നിദ്ധ്യത്തിൽ ദമ്പതികൾക്ക് പണം കെെമാറി. അതോടൊപ്പം വിത്തൽമാപ്പർ എന്ന ഓട്ടോ തൊഴിലാളിയെ തന്റെ സത്യസന്ധതയുടെ പേരിൽ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. തനിക്ക് ലഭിച്ച പ്രശംസയാണ് ഏറ്റവും വലിയ പ്രതിഫലമെന്നും വിത്തൽ പറഞ്ഞു.