video

മുംബയ്: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പരിഹസിക്കുന്ന കാർട്ടൂൺ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതിന് വിരമിച്ച നാവിക സേന ഉദ്യോഗസ്ഥനെ ശിവസേന പ്രവർത്തകർ മർദ്ദിച്ചു. മുംബയ് ഈസ്റ്റ് കന്ദിവാലിയിലെ മദൻ ശർമ്മയ്ക്കാണ് (65) ക്രൂര മർദ്ദനമേറ്റത്. സംഭവത്തിൽ ആറ് ശിവശേനക്കാരെ അറസ്റ്റ് ചെയ്തുവെന്ന് മുംബയ് പൊലീസ് അറിയിച്ചു.

ഉദ്ധവ് താക്കറെയെ കളിയാക്കുന്ന കാർട്ടൂൺ താൻ റെസിഡൻഷ്യൽ സൊസൈറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തിരുന്നതായി ശർമ പരാതിയിൽ പറയുന്നു. ഇതിനു പിന്നാലെ കമലേഷ് കദം എന്നയാൾ പേരും മേൽവിലാസവും അന്വേഷിച്ച് വിളിച്ചിരുന്നു. ഉച്ചയ്ക്കുശേഷം വീടിന് പുറത്തേക്ക് തന്നെ വിളിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.

മാസ്‌ക് ധരിച്ച ഒരു കൂട്ടമാളുകൾ ശർമയെ മർദ്ദിക്കുന്നതിന്റെ വിഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. താമസിക്കുന്ന അപ്പാർട്ട്‌മെന്റിന്റെ ഗേറ്റ് തുറന്നുപുറത്തേക്ക് പോകുന്നതും പിന്നാലെ കുറച്ചുപേർ ഇയാളെ ഇവിടേക്ക് ഓടിച്ചുകയറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. ഷർട്ടിൽ പിടിച്ചുവലിച്ചിഴയ്ക്കുകയും മുഖത്തേക്ക് ഇടിക്കുകയും ചെയ്യുന്നുണ്ട്.

മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കം ഒട്ടേറെ ബിജെപി നേതാക്കൾ മർദ്ദനമേറ്റ മദൻ ശർമയുടെ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്. തികച്ചും ദുഃഖകരവും നടുക്കുന്നതുമായ സംഭവമാണിതെന്ന് ഫഡ്നാവിസ് ട്വീറ്റ് ചെയ്തു. 'ഉദ്ധവ് താക്കറെ ഗുണ്ടാരാജ് അവസാനിപ്പിക്കണം. ഗുണ്ടകൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ഫഡ്നാവിസ് ആവശ്യപ്പെട്ടു.