swiggy

ന്യൂഡൽഹി: കൊവിഡിന്റെ വ്യാപനത്തോടെ ലോകം മുഴുവന്‍ ജോലി ചെയുന്ന രീതിയില്‍ തന്നെ മാറ്റമുണ്ടായി. വര്‍ക്ക് ഫ്രം ഹോം എന്ന രീതി പണ്ടൊക്കെ വല്ലപ്പോഴും സംഭവിച്ചിരുന്ന കാര്യം ആണ്. ആദ്യം വര്‍ക്ക് ഫ്രം ഹോം സ്വാഗതം ചെയ്തെങ്കിലും പിന്നീടത് മടുത്തു എന്ന അഭിപ്രായത്തിലെത്തി. എങ്കിലും ഇരു കൂട്ടരും സമ്മതിക്കുന്ന ഒന്നുണ്ട്, വര്‍ക്ക് ഫ്രം ഹോം ജോലി ഭാരം കൂട്ടി.


വര്‍ക്ക് ഫ്രം ഹോമില്‍ കൃത്യമായ ഒരു ജോലി സമയം ഇല്ല എന്ന് ഏറെക്കുറെ എല്ലാവരും സമ്മതിക്കുന്നു. വര്‍ക് ഫ്രം ഹോമിന്റെ ചുരുക്കെഴുത്തായ WFH യഥാര്‍ത്ഥത്തില്‍ വര്‍ക്ക് ഫ്രം ഹമീഷാ (ഹിന്ദിയില്‍ എപ്പോഴും) എന്ന് വിലപിക്കുന്നവര്‍ ചുരുക്കമല്ല. നിങ്ങള്‍ക്കും ഇതേ അഭിപ്രായം ആണെങ്കില്‍ ഒരുപക്ഷെ ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗി അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം നിങ്ങള്‍ തീര്‍ച്ചയായും അംഗീകരിക്കും.


കഴിഞ്ഞ ദിവസം ആണ് 'കാം ഖത്തം നഹി ഹുവാ?' (ജോലി ഇതുവരെ തീര്‍ന്നില്ലേ) എന്ന തലക്കെട്ടോടെ സ്വിഗ്ഗി ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ചെയ്തത്. വീട്ടില്‍ നിന്നുള്ള ജോലിയും ഓഫീസില്‍ നിന്നുള്ള ജോലിയും തമ്മിലുള്ള വ്യത്യാസം കാണിക്കുന്നതാണ് ഫോട്ടോ. ഓഫീസില്‍ നിന്നും ജോലി ചെയ്യുമ്പോള്‍ പ്രഭാത ഭക്ഷണം, ജോലി, ഉച്ച ഭക്ഷണം, ജോലി, വീട്ടിലെത്തുക, രാത്രിഭക്ഷണം എന്ന രീതിയാണ് എന്ന് സ്വിഗ്ഗി പോസ്റ്റ് വ്യക്തമാക്കുന്നു. തൊട്ടപ്പുറത്തായി വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ പ്രഭാത ഭക്ഷണം, ജോലി, ജോലി, ജോലി, ജോലിയോടുകൂടെ ഉച്ചഭക്ഷണം, ഉച്ചഭക്ഷണത്തോടൊപ്പമുള്ള ജോലി എന്നിങ്ങനെയാണ് ക്രമം എന്ന് ചിത്രം വ്യക്തമാക്കുന്നു.

വര്‍ക്ക് ഫ്രം ഹോം ചെയ്യുമ്പോള്‍ ഒന്നിനും ഒരു കൃത്യനിഷ്ഠയില്ലെന്നും എല്ലാം കൂടെ കൂടികുഴഞ്ഞാണ് ഓരോ ദിവസവും മുന്നോട്ട് പോകുക എന്ന് വ്യക്തമാക്കും വിധമാണ് സ്വിഗ്ഗിയുടെ പോസ്റ്റ്. ഒരല്പം അതിശയോക്തിയും, തമാശയും നിറഞ്ഞ പോസ്റ്റ് സത്യം തന്നെയാണ് പറയുന്നത് എന്ന് ഏറെക്കുറെ എല്ലാവരും സമ്മതിക്കുന്നുണ്ട്.