sitaram-yechury

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന സമരങ്ങളുടെ പശ്ചാത്തലത്തിൽ ഫെബ്രുവരിയിലുണ്ടായ ഡൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള ഗൂഡാലോചനയിൽ പങ്കാളികളായെന്ന് കാട്ടിക്കൊണ്ട് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. കലാപവുമായി ബന്ധപ്പെട്ടുള്ള ഡൽഹി പൊലീസിന്റെ കുറ്റപത്രത്തിൽ സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞ ജയന്തി ഘോഷ്, ഡൽഹി സർവകലാശാല അദ്ധ്യാപകനും ആക്ടിവിസ്റ്റുമായ അപൂർവാനന്ദ്, ഡോക്യുമെന്ററി സംവിധായകൻ രാഹുൽ റോയ് എന്നിവരുടെ പേരുകളുമുണ്ട്.

കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തെന്ന് കാട്ടികൊണ്ടാണ് ഇവർക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സി.എ.എ വിരുദ്ധ സമരക്കാരോട് 'ഏതറ്റം വരെയും പോകണ'മെന്ന് ഇവർ ആവശ്യപ്പെട്ടുവെന്നും നിയമഭേദഗതി 'മുസ്ലിം വിരുദ്ധമാണെ'ന്ന് പറഞ്ഞുകൊണ്ട് മുസ്ലിം സമുദായത്തിനിടയിൽ ഇവർ 'അസന്തുഷ്ടി' സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും ഡൽഹി പൊലീസിന്റെ കുറ്റപത്രത്തിൽ പറയുന്നു. ഒപ്പം ഇന്ത്യൻ സർക്കാരിന്റെ നാമത്തെ കളങ്കപ്പെടുത്താൻ ഇവർ ശ്രമിച്ചതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ദേശീയ മാദ്ധ്യമായ 'സീ ന്യൂസ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

കേസിലെ അനുബന്ധ കുറ്റപത്രത്തിലാണ് ഇവരുടെ പേരുകൾ പ്രത്യക്ഷപ്പെട്ടതെന്നും മാദ്ധ്യമം പറയുന്നുണ്ട്. കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലുള്ള ജെ.എൻ.യു വിദ്യാർത്ഥിനികളായ ദേവാങ്കണ കാലിത, നടാഷ നാർവാൾ, ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർത്ഥിനി ഗുൾഫിഷ ഫാത്തിമ എന്നിവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നേതാക്കളെ പ്രതി ചേർക്കാൻ ഡൽഹി പൊലീസ് തീരുമാനിച്ചത്. ഇവരെ തങ്ങൾ മാർഗദർശികളായാണ് കാണുന്നതെന്നും പ്രക്ഷോഭങ്ങൾ നടത്താൻ നേതാക്കൾ തങ്ങളോട് ആവശ്യപ്പെട്ടുവെന്നും വിദ്യാർത്ഥികൾ പറഞ്ഞതായി ഡൽഹി പൊലീസ് പറയുന്നു. വിദ്യാർത്ഥികളുടെ പേരിൽ യു.എ.പി.എ ആണ് ചാർജ് ചെയ്തിരിക്കുന്നത്.