ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാസു അണ്ണനാണ് താരം. ദശമൂലം ദാമുവിനും രമണനും മണവാളനും ഒക്കെ റെസ്റ്റ് കൊടുത്ത് വാസു അണ്ണനാണ് ഇപ്പോൾ ട്രോൾ ലോകം അടക്കി ഭരിക്കുന്നതിന്റെ ഇൻ ചാർജ്. 2002ൽ പുറത്തിറക്കിയ ദിലീപ് ചിത്രമായ 'കുഞ്ഞിക്കൂനനി'ൽ നടൻ സായി കുമാർ അവതരിപ്പിച്ച 'ഗരുഡൻ വാസു ' എന്ന വില്ലൻ കഥാപാത്രത്തെയാണ് ട്രോളന്മാരെല്ലാം കൂടി ആഘോഷിക്കുന്നത്. കുഞ്ഞിക്കൂനൻ സിനിമയിൽ പ്രസാദ് എന്ന ദിലീപ് കഥാപാത്രത്തിന്റെ കാമുകി ലക്ഷ്മിയെ വില്ലനായ വാസു താഴ്ചയിലേക്ക് തള്ളിയിട്ട് കൊല്ലുകയാണ്. എന്നാൽ ട്രോളന്മാരുടെ കഥയിൽ ലക്ഷ്മിയും വാസു അണ്ണനുമാണ് ജോഡി. ഇരുവരും വിവാഹിതരാകുന്ന ചിത്രവും ഫാമിലി ഫോട്ടോയുമൊക്കെ ആണിപ്പോൾ സോഷ്യൽ മീഡിയയിലെ തരംഗം.
ലക്ഷ്മിയുടെ വേഷം നടി മന്യ ആണ് അവതരിപ്പിച്ചത്. വാസു അണ്ണനാണ് ട്രെൻഡിംഗ് എങ്കിലും നമ്മുടെ ദശമൂലം ദാമുവിന്റെയും മണവാളന്റെയുമൊക്കെ തട്ട് താണിരിക്കുമെന്നാണ് ട്രോളന്മാരുടെ ഓർമ്മപ്പെടുത്തൽ. ഏതായാലും വാസു അണ്ണന്റെ ട്രോൾ കണ്ടാൽ ' K ' അടിക്കാതെ ആരും പോകാറില്ല. സിനിമയിൽ ചുവന്ന കണ്ണും ക്രൂര ഭാവവുമുണ്ടായിരുന്ന വാസു അണ്ണനെ ഇപ്പോൾ ട്രോൾ രൂപത്തിൽ കണ്ടാൽ ആർക്കായാലും ചിരിപ്പൊട്ടും. റൊമാന്റിക് ഹീറോ എന്നൊക്കെയാണ് ചില ട്രോളന്മാർ വാസു അണ്ണനെ വിശേഷിപ്പിക്കുന്നത്. ഏതായാലും ട്രോളന്മാരെ സമ്മതിക്കണം. എന്താ ക്രിയേറ്റിവിറ്റി. !