
ഇറ്റാനഗർ: സ്വന്തം നിയോജകമണ്ഡലത്തിലെ വിദൂര ഗ്രാമനിവാസികളെ സന്ദർശിക്കാൻ ഒരു മുഖ്യമന്ത്രി കാൽനടയായി സഞ്ചരിച്ചത് 24 കിലോമീറ്റർ ദൂരം.
അരുണാചൽപ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് സമുദ്രനിരപ്പിൽ നിന്ന് 14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പർവതനിരകളും വനപ്രദേശങ്ങളും നിറഞ്ഞ തവാങ് ജില്ലയിലെ തിങ്ബു താലൂക്കിൽ ലുഗുതാങ് ഗ്രാമത്തിലേക്ക് കാൽനടയായി സഞ്ചരിച്ചെത്തിയത്. പതിനൊന്ന് മണിക്കൂർ സമയമെടുത്ത് ഈ ദൂരം പേമ താണ്ടിയത്.
16,000 അടി ഉയരമുള്ള കർപുലായിലൂടെ കടന്നുപോകാനിടയായത് കിടിലൻ അനുഭവമായിരുന്നുവെന്ന് വ്യാഴാഴ്ച തവാങ്ങിൽ മടങ്ങിയെത്തിയ ശേഷം നാൽപത്തിയൊന്നുകാരനായ പേമ ഖണ്ഡു ട്വീറ്റ് ചെയ്തു. പത്ത് വീടുകൾ മാത്രമുള്ള ഗ്രാമത്തിൽ ആകെ ജനസംഖ്യ 50 ആണ്. 'എല്ലാ വികസന പദ്ധതികളും എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പു വരുത്താൻ ലുഗുതങ്ങിലെ ഗ്രാമീണരുമായി അവലോകന യോഗം നടത്തി' പേമ ഖണ്ഡു ട്വീറ്റിൽ കുറിക്കുന്നു.
ഈ ഗ്രാമത്തിലേക്ക് റോഡിലൂടെയുള്ള യാത്ര അസാധ്യമാണ്. കർപുല പർവ്വതപ്രദേശം കടന്നാണ് ഇവിടേയ്ക്ക് എത്തിച്ചേരേണ്ടത്. നിരവധി തടാകങ്ങൾ ഉൾപ്പെടെ നിരവധി പ്രകൃതി സുന്ദര ദൃശ്യങ്ങൾ ഇവിടേയ്ക്കുള്ള യാത്രയിൽ കാണാൻ സാധിക്കും. തിരികെ വരുന്നതിന് മുമ്പ് രണ്ട് ദിവസം മുഖ്യമന്ത്രി ഒരു ഗ്രാമീണന്റെ വീട്ടിലാണ് താമസിച്ചതെന്ന് തവാങിലെ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.