ന്യൂഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന(ഗ്രാമീൺ) പദ്ധതിയുടെ കീഴിൽ പണികഴിപ്പിച്ച 1.75 വീടുകൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോൺഫറൻസ് വഴി നടത്തിയ 'വിർച്ച്വൽ ഗൃഹപ്രവേശന' ചടങ്ങിലൂടെയാണ് പ്രധാനമന്ത്രി മോദി വീടുകൾ ഉദ്ഘാടനം ചെയ്തത്. ചടങ്ങിനിടെ പ്രധാനമന്ത്രി വീട് ലഭിച്ചവരുമായി സംസാരിക്കുകയും അവരുടെ സന്തോഷത്തില്‍ പങ്കുചേരുകയും ചെയ്തു.
ഗ്വാളിയോർ, ധർ, സിംഗ്രൗളി തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുമായാണ് മോദി സംസാരിച്ചത്. ഇന്ന് പുതിയ വീടുകളിലേക്ക് താമസം മാറുന്ന 1.75 ലക്ഷം കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്ന വേളയാണിതെന്നും അവർക്ക് തങ്ങളുടെ കുട്ടികളുടെ ഭാവിയെപ്പറ്റി ആത്മവിശ്വാസംവന്നുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി 2.25 കോടി കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ വീട് ലഭിച്ചു.
അവര്‍ക്ക് വാടക വീടുകളിലോ, താല്‍ക്കാലിക കൂരകളിലോ താമസിക്കാതെ, ഇനി മുതല്‍ സ്വന്തം വീടുകളില്‍ താമസിക്കാനാകും. ഗുണഭോക്താക്കള്‍ക്ക് ദീപാവലി ആശംസകൾ നേർന്ന അദ്ദേഹം കൊറോണക്കാലം അല്ലായിരുന്നെങ്കില്‍ നേരിട്ടെത്തി അവരുടെ സന്തോഷത്തില്‍ പങ്ക് ചേരുമായിരുന്നുവെന്നും അറിയിച്ചു. മദ്ധ്യപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ശിവ്രാജ് ചൗഹാൻ, കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തൊമാർ, ബി.ജെ.പി എം.പി ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.