navid

ടെഹ്റാൻ: ലോകത്തിന്റെ അഭ്യർത്ഥന ഇറാൻ കേട്ടില്ല. ഗുസ്തിതാരം നവിദ് അഫ്‌കാരിയുടെ വധശിക്ഷ നടപ്പാക്കി. 2018-ൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിനിടെ ഇറാന്റെ തെക്ക് ഭാഗത്തുള്ള പട്ടണമായ ഷിറാസിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. സംഭവത്തിൽ അഫ്കാരിയുടെ കൂടെ പ്രതി ചേർക്കപ്പെട്ട സഹോദരങ്ങളായ വഹീദിനും ഹബീബിനും 54ഉം 27ഉം വർഷം വീതം തടവ് വിധിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രാദേശിക സമയം ഇന്നലെ രാവിലെ അഫ്കാരിയെ വധിച്ചുവെന്ന് തെക്കൻ ഫാർസ് പ്രവിശ്യ നീതിന്യായ വകുപ്പ് മേധാവിയെ ഉദ്ധരിച്ചുകൊണ്ട് ഇറാനിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അഫ്കാരിയ്ക്കെതിരെ വധശിക്ഷ വിധിച്ചത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വിവിധ കായിക സംഘടനകളുമെല്ലാം അഫ്കാരിയെ വധിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

അതേസമയം അഫ്കാരി കുറ്രം ചെയ്തതിൽ തെളിവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചിരുന്നു. തന്നെ പീഡിപ്പിച്ചാണ് കുറ്റം സമ്മതിപ്പിച്ചതെന്ന് നേരത്തേ അഫ്കാരി പറഞ്ഞിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.