വാഷിംഗ്ടൺ: അമേരിക്കയിൽ തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് പിടിക്കാനുളള നെട്ടോട്ടത്തിലാണ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇതിന്റെ ഭാഗമായി നെവാഡയിലെത്തി പ്രചരണം നടത്താൻ ഒരുങ്ങുകയാണ് ട്രംപ്. എന്നാൽ നെവാഡയിലെ ജനങ്ങൾ 2004 മുതൽ റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയിട്ടില്ല. ഇവിടെ ചരിത്രം തിരുത്തി എഴുതാനുളള ശ്രമത്തിലാണ് ട്രംപ്.
നെവാഡയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ റിനോ, ലാസ് വെഗാസ് ഉൾപ്പെടെയുളള പ്രധാന സ്ഥലങ്ങളിൽ പൊതുപരിപാടികൾ നിരോധിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വരുന്ന ശനി, ഞായർ ദിവസങ്ങളിൽ നെവാഡയിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്താൻ ട്രംപ് തയ്യാറെടുക്കുന്നത്. തിരഞ്ഞെടുപ്പിൽ നെവാഡയുടെ പ്രാധാന്യം ട്രംപ് മനസിലാക്കുന്നുണ്ട്. ഡെമോക്രാറ്റിക്ക് പാർട്ടിയുടെ സ്ഥാനാർത്ഥി ജോ ബിഡനെതിരായി 270 വോട്ടുകൾ നേടി ജയിക്കണമെങ്കിൽ നെവാഡ ഉൾപ്പെടെയുളള മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ കൂടി ട്രംപിന് ആവശ്യമായി വരും.ഇത് മനസിലാക്കിയാണ് ട്രംപിന്റെ പുതിയ രാഷ്‌ട്രീയ നീക്കം.
2016ൽ നടന്ന തിരഞ്ഞെടുപ്പിൽ ട്രംപ് നെവാഡയിൽ ഹിലാരി ക്ലിന്റണോട് പരാജയപ്പെട്ടിരുന്നു. ഇന്നാൽ ഇത്തവണ നെവാഡയിൽ ട്രംപ് തന്റെ പ്രചരണം ശക്തിപ്പെടുത്തിയിരിക്കുകയാണ്. നെവാഡയിൽ ട്രംപ് പൊതുപരിപാടികൾ നടത്താനൊരുങ്ങുമ്പോൾ കൊവിഡായതിനാൽ സംസ്ഥാനത്ത് വെർച്വൽ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ഒരുങ്ങുകയാണ് ഡെമോക്രാറ്റിക്ക് പാർട്ടി.