ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഡൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയിൽ പങ്കാളിയായെന്ന് കുറ്റപത്രത്തിലുണ്ടെന്ന റിപ്പോർട്ട് നിഷേധിച്ച് ഡൽഹി പൊലീസ്. കലാപത്തിന് ആസൂത്രണം ചെയ്തവരെന്ന രീതിയിൽ ആരുടെയും പേരുകൾ പരാമർശിച്ചിട്ടില്ലെന്നും, പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുളള സമരം സംഘടിപ്പിച്ചവരുടെ പേരുകൾ ഒരു പ്രതി പറഞ്ഞിട്ടുണ്ടെന്നും, അക്കാര്യമാണ് കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
ഡൽഹി കലാപക്കേസിലെ അനുബന്ധ കുറ്റപത്രത്തിലാണ് സീതാറാം യെച്ചൂരിയുടെ പേര് ഉള്ളത്. സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തികവിദഗ്ധ ജയന്തി ഘോഷ്, ഡൽഹി സർവകലാശാല പ്രൊഫസർ അപൂർവാനന്ദ്, ഡോക്യുമെന്ററി നിർമാതാവ് രാഹുൽ റോയ് തുടങ്ങിയവരുടെ പേരുകളും കുറ്റപത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടുകൾക്ക് പിന്നാലെ ഡൽഹി പൊലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
Stunned to see this. Will those who actually incited & perpetrated violence are allowed to go scot free? What is happening to our country? https://t.co/91walY2UeI
— Shashi Tharoor (@ShashiTharoor) September 12, 2020
കഴിഞ്ഞ ഫെബ്രുവരിയിലാണ് വടക്കുകിഴക്കൻ ഡൽഹിയിൽ കലാപമുണ്ടായത്. 53 പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. 581 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.