ബീജിംഗ്: ഉപഗ്രഹവിക്ഷേപണത്തിൽ ചൈനയ്ക്ക് വൻ തിരിച്ചടി. ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ജിലിൻ-1 ഗാവോഫെൻ 02 സിയാണ് പരാജയപ്പെട്ടത്. ചൈന ഏറെ പ്രതീക്ഷയോടെ വിക്ഷേപിച്ച ഈ ഉപഗ്രഹം ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു എന്നാണ് ഔദ്യാേഗിക വിശദീകരണം.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.02നായിരുന്നു ജിയുക്വാൻ സാറ്റലൈറ്റ് വിക്ഷേപണകേന്ദ്രത്തിൽ നിന്ന് ജിലിൻ-1 ഗാവോഫെൻ 02 സിയുമായി കാരിയർ റോക്കറ്റ് കുതിച്ചുയർന്നത്. തുടർന്നാണ് വിക്ഷേപണം പരാജയപ്പെട്ടെന്ന് ഔദ്യോഗിക വിശദീകരണം വന്നത്. പരാജയ കാരണങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
ചൈനയുടെ ചൊവ്വാ ദൗത്യമായ ടിയാൻവെൻ–- 1 ഈ വർഷം അവസാനം ഉണ്ടാകുമെന്ന് ചൈനാ ദേശീയ ബഹിരാകാശ ഏജൻസി നേരത്തേ വ്യക്തമാക്കിയിരുന്നു. ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ദൗത്യം കൊവിഡിന്റെ സാഹചര്യത്തിലാണ് മാറ്റിവച്ചത്. ആദ്യ ശ്രമത്തിൽത്തന്നെ ചൊവ്വയെ പ്രദക്ഷിണം വയ്‌ക്കുന്നതിനു പുറമെ പേടകം ഉപരിതലത്തിൽ ഇറക്കുന്നതിനും റോവർ പരീക്ഷണവുമെല്ലാം ചൈന ലക്ഷ്യമിടുന്നു. ജിലിൻ-1 ഗാവോഫെൻ 02 സി പരാജയപ്പെട്ടതിനാൽ ചൊവ്വാദൗത്യം നീട്ടിവയ്ക്കുമോ എന്ന വ്യക്തമല്ല.