surendran

തൃശൂർ: ലൈഫ് മിഷൻ ഇടപാടിൽ മന്ത്രി ഇ പി ജയരാജന്റെ മകനും പങ്കെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. 'ഇടപാടിൽ ഒരുകോടിയിലേറെ രൂപ ജയരാജന്റെ മകൻ കൈപ്പറ്റിയെന്നാണ് വാർത്ത. ജലീലിനെ മാറ്റിയാൽ മന്ത്രിസഭയിലെ കൂടുതൽപ്പേരെ മാറ്റേണ്ടിവരും. അതാണ് പിണറായി ഭയപ്പെടുന്നത്. ഇത്രയും ദിവസം അന്വേഷണം ശരിയായ ദിശയിലാണെന്നാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും മറ്റും പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടി ഇപ്പോൾ പറയുന്നത് അന്വേഷണം രാഷ്ട്രീയപ്രേരിമാണെന്നാണ്. വമ്പൻ സ്രാവുകളിലേക്കു അന്വേഷണം നീങ്ങുന്നു എന്നതിനാലാണ് ഇതുവരെ ഇ ഡിയുടെ അന്വേഷണത്തെ പിന്തുണച്ച സി പി എം നിലപാട് മാറ്റുന്നത്. പഴയ നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയിൽ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരിൽ സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിയുടെ മകനും ഉളളതായി കേന്ദ്ര അന്വേഷണ ഏജൻസികൾക്കു സൂചന ലഭിച്ചുവെന്നുളള വാർത്ത ഒരു പത്രം റിപ്പോർട്ടുചെയ്തിരുന്നു. സ്വർണക്കടത്തുകേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമുളള തെളിവുകളാണ് ലഭിച്ചതെന്നും തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുളള ഹോട്ടൽ മുറിയിൽ വച്ചുളളതാണ് ചിത്രങ്ങളെന്നുമായിരുന്നു റിപ്പോർട്ടിലുളളത്. തെളിവുകൾ പരിശോധിക്കുകയാണെന്നും സ്വപ്നയുമായുള്ള ഇടപാടിനു കൂടുതൽ തെളിവുകൾ ലഭിച്ചാൽ മന്ത്രിപുത്രനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും റിപ്പോർട്ടിലുണ്ട്.