ak-balan

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെ ന്യായീകരിച്ച് നിയമമന്ത്രി എ.കെ ബാലൻ. മതഗ്രന്ഥം സ്വീകരിച്ചതിൽ തെറ്റില്ലെന്നും, ജലീലിനെ നശിപ്പിക്കുകയാണ് പ്രതിപക്ഷ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. ജലീൽ കുറ്റക്കാരൻ ആണെന്ന് ആരും പറഞ്ഞിട്ടില്ലെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.

എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ചോദിച്ചത് സ്വാഭാവികമായ ചോദ്യങ്ങളാണ്. രണ്ടര മണിക്കൂര്‍ എടുത്ത് അതിന് വ്യക്തത വരുത്തുകയും ചെയ്തു.ഏജൻസികൾക്ക് മുന്നിൽ പോയത് എങ്ങനെ തെറ്റാകുമെന്നും എ.കെ ബാലൻ ചോദിച്ചു.മാർക്ക് ദാന വിവാദത്തിൽ ജലീലിന് പങ്കില്ലെന്ന് തെളിഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'കയ്യിൽ കിട്ടുന്ന ആരോപണങ്ങൾ ഉന്നയിച്ചു നശിപ്പിക്കാൻ ശ്രമിക്കുന്ന രീതി ശരിയല്ല. കോൺഗ്രസ് നേതാക്കളെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുകയും, അറസ്റ്റ് ചെയ്യുകയും, ജയിലിലാക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്. പി ചിദംബരം ഉൾപ്പെടെയുള്ള നേതാക്കൾക്ക് പാര്‍ട്ടിയിൽ സ്ഥാനക്കയറ്റം നൽകുകയാണ് കോൺഗ്രസ് ചെയ്തിട്ടുള്ളത്.'-എ.കെ ബാലൻ പറഞ്ഞു.