kasargod

കാസർകോട്: വലിയപറമ്പ്, കീഴൂർ, ചെമ്പിരിക്ക കടൽ തീരങ്ങളിൽ 15 ഓളം ഓയിൽ വീപ്പകൾ കരയ്ക്കടിഞ്ഞു. 200 ലിറ്റർ വീതം ഉൾക്കൊള്ളുന്ന 10 ഓളം ഡ്രമ്മുകളാണ് കീഴൂർ, മേൽപറമ്പ് ഭാഗങ്ങളിലെ മത്സ്യതൊഴിലാളികൾക്കും നാട്ടുകാർക്കും ലഭിച്ചത്. വലിയപറമ്പിൽ എട്ട് ഡ്രമ്മുകളും കണ്ടെത്തി. കടൽക്ഷോഭം രൂക്ഷമായിരുന്ന സമയത്ത് മത്സ്യ ബന്ധനത്തിനു പോയ വള്ളങ്ങളിൽ നിന്നോ അടുത്ത നാളിൽ ഇന്ത്യൻ ശ്രീലങ്കൻ അതി‌ർത്തിയിൽ തീപ്പിടിച്ച കപ്പലിൽ നിന്നോ ഒഴുകി വന്നതാവാം വീപ്പകളെന്നാണ് പറയുന്നത്. ഹൈഡ്രോളിക് ഓയിൽ നിറച്ച ഡ്രമ്മുകൾ മുമ്പും കിട്ടാറുണ്ടെന്നും കപ്പലുകളിൽ നിന്ന് തെറിച്ചു വീഴുന്നതാണിതെന്നും തീരദേശ പൊലീസ് പറയുന്നു.

ഇപ്പോൾ കിട്ടിയത് ഏതാണെന്ന് പരിശോധിക്കുകയാണ്. കീഴൂർ ഭാഗത്ത് മേൽപറമ്പ് എസ്.ഐ എം.വി പത്മനാഭനും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഏതാനും ഡ്രമ്മുകൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എന്നാൽ ദ്രാവകം പെട്രോൾ ആണെന്ന നിഗമനത്തിൽ ചില ഡ്രമ്മുകൾ പൊട്ടിച്ച് ആളുകൾ കന്നാസിൽ നിറച്ചു കൊണ്ടുപോയി. അധികൃതർ ദ്രാവകം പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന റിപ്പോർട്ട് വരാതെ ആരും തന്നെ ഇത് ഉപയോഗിക്കരുതെന്ന് പൊലീസ് നിർദ്ദേശം നൽകിട്ടുണ്ട്.