കല്യാണവീടും മരണവീടും ഉമ്മൻചാണ്ടിയുടെ ദൗർബല്യങ്ങളാണ്. അദ്ദേഹത്തെ അടുത്തറിയുന്നവർക്കെല്ലാം ഇക്കാര്യം അറിയുകയും ചെയ്യാം. ഒരു സാധാരണ പാർട്ടിപ്രവർത്തകന്റെ മകന്റെ വിവാഹം കൂടാൻ കാബിനറ്റ് മീറ്റിംഗ് മാറ്റിവച്ച് നാട്ടിലെത്തിയ ആളാണ് ഉമ്മൻചാണ്ടി. പ്രിയപ്പെട്ടവർ ഏറ്റവും അധികം ദുഃഖിക്കുമ്പോഴും സന്തോഷിക്കുമ്പോഴും ഒപ്പമുണ്ടാകണെന്നതാണ് ഉമ്മൻചാണ്ടിയുടെ പോളിസി. മറ്റുള്ളവരിലും അദ്ദേഹം വ്യത്യസ്തനാകുന്നതും ഇങ്ങനെയൊക്കെയാണ്.
ഒരു പ്രവർത്തകന്റെ കല്യാണ വീട്. ഉമ്മൻചാണ്ടിയെ കണ്ടതോടെ ഊണിന് ക്ഷണിച്ചു. ആവേശവും തിരക്കും അതിരുകടന്നതോടെ ഉമ്മൻചാണ്ടിയുടെ ഇലയിലെ ചോറിൽ മോരിനുപകരം ഒഴിച്ചത് സ്ക്വാഷ്. ചോറിന് നല്ല മധുരം. കല്യാണവീടായതുകൊണ്ട് മറുത്തൊരക്ഷരം പറയാതെ ഉമ്മൻചാണ്ടി കഴിച്ചു. കൈകഴുകി കുശലാന്വേഷണത്തിന് ഒടുവിൽ ഉമ്മൻചാണ്ടി ''മോരിന് മധുരക്കൂടുതലാണോയെന്ന് സംശയം''!
അരനൂറ്റാണ്ടായി പുതുപ്പള്ളിയുടെ ബ്രാൻഡ് അംബാസിഡറാണ് ഉമ്മൻചാണ്ടി. പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി 11 തവണ വിജയിച്ച് 50 വർഷത്തെ നിയമസഭാംഗത്വം പൂർത്തിയാക്കുകയാണ് ഈ പതിനേഴിന്. ദേശീയതലത്തിൽ പോലും ഒരു കോൺഗ്രസ് നേതാവിനും ഇങ്ങനൊരു നേട്ടം സ്വന്തമാക്കാനായിട്ടില്ല. മണ്ഡലത്തോടുള്ള ഹൃദയബന്ധത്തിന്റെ തെളിവാണ് തിരുവനന്തപുരത്ത് ജഗതിയിലെ സ്വന്തം വീടിന് 'പുതുപ്പള്ളി ഹൗസ്' എന്ന പേരിട്ടത്. എത്ര തിരക്കിലും ഉമ്മൻചാണ്ടിയുടെ ഞായറുകൾ പുതുപ്പള്ളിക്കുള്ളതാണ്. എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിക്ക് വിട്ടുകൊടുക്കും. ശനിയാഴ്ച രാത്രിയോ, ഞായറാഴ്ച പുലർച്ചേയോ വീട്ടിലെത്തിയിരിക്കും. വലിയ പള്ളിയിലെ പ്രാർത്ഥന, പൊതുചടങ്ങുകൾ അങ്ങനെ നീളും പതിവുകൾ. അതിന് അപവാദമായി നിന്നത് ലോക്ക് ഡൗൺ കാലം മാത്രമാണ്. ലോക്ക് ഡൗൺ കാലത്തും ഉമ്മൻചാണ്ടി 'പുതുപ്പള്ളിയി"ലുണ്ടിയിരുന്നു. പക്ഷേ, തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലാണെന്ന് മാത്രം. നാട്ടിലെ മരണവും വിവാഹവുമൊക്കെ അറിഞ്ഞിട്ടും ലോക്ക് ഡൗണിന്റെ നൂലാമാലകൾ മൂലം അദ്ദേഹം പുതുപ്പള്ളിയിലെത്താതെ വീട്ടിൽ തന്നെ കഴിഞ്ഞത് നാട്ടുകാർക്ക് അത്ഭുതമാണ്.
ഉമ്മൻചാണ്ടിയുടെ കൈ പിടിച്ച് നോക്കിയാൽ ഒരു നഖത്തിന് പ്രത്യേകതയുള്ളതായി കാണാം. ചോര ചത്ത് ചതഞ്ഞ് വളർന്ന നഖം. പുതുപ്പള്ളി പെരുന്നാളിന്റെ ഓർമകൂടിയാണ് ആ വിരലിലെ പാട്. ആളും ആരവുമായി പുതുപ്പള്ളി പെരുന്നാളിന്റെ ആഘോഷം ഉച്ഛസ്ഥായിലെത്തി. അവധിയായതിനാൽ പഠിക്കേണ്ട എന്നത് മറ്റൊരു സന്തോഷം. കൂട്ടുകാരും ബന്ധുക്കളുമായി ഒരു ഡസനിലധികമുണ്ട് ചുറ്റിലുമുള്ളവർ. പള്ളിപ്പറമ്പിലൂടെയുള്ള സൈക്കിൾ ചവിട്ടാണ് പ്രധാന വിനോദം. ഉച്ചയോടെ കുട്ടിനിക്കറുമിട്ട് കൂട്ടുകാർക്കൊപ്പം സൈക്കിൾ ചവിട്ടാൻ ഒരുങ്ങുമ്പോഴാണ് ടയർ പണിതന്നത്. വീട്ടിലെ പമ്പ് ഉപയോഗിച്ച് കാറ്റ് നിറയ്ക്കാൻ തുടങ്ങി. ശക്തമായി വലിച്ചപ്പോഴേയ്ക്കും പമ്പിന്റെ മുകൾഭാഗം ഊരിപ്പോയി. എത്രയും വേഗം കാറ്റുനിറച്ച് പള്ളിപ്പറമ്പിലെത്തണമെന്ന ചിന്തയിലായതിനാൽ സംഭവമറിഞ്ഞതുമില്ല.
വീണ്ടും പമ്പ് വലിച്ച് താഴ്ത്തിയപ്പോഴേയ്ക്കും ഒരു വിരലും ഉള്ളിലായി. വേദനകൊണ്ട് കരഞ്ഞ കുഞ്ഞൂഞ്ഞിനെ വീട്ടുകാരെത്തി വാരിപ്പുണർന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി. മുറിവ് തുന്നിക്കെട്ടി വീട്ടിൽ വിട്ടെങ്കിലും അന്ന് മുതൽ നഖം പ്രത്യേകരീതിയിലാണ് വളർന്നത്. പുതുപ്പള്ളിപ്പെരുന്നാളിന്റെ മറക്കാത്ത ഓർമകൾ അങ്ങനെ കൈയിൽക്കൊണ്ട് നടക്കുകയാണ് ഉമ്മൻചാണ്ടി. പെരുന്നാൾ മാത്രമല്ല, പുതുപ്പള്ളിയിലെ പുൽക്കൊടിത്തുമ്പിനോടുപോലും അത്രമേൽ അടുപ്പമുണ്ട് കുഞ്ഞൂഞ്ഞിന്.
മഴ നനച്ച പ്രവർത്തകർ
ലോക്ക് ഡൗൺ കഴിഞ്ഞ് 90 ദിവസത്തിന് ശേഷം കോരിച്ചൊരിയുന്ന മഴയത്താണ് ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ വണ്ടിയിറങ്ങിയത്. പ്രവർത്തകർ ആവേശക്കുടയുമായി നേതാവിനൊപ്പം ചേർന്നു. പിടിവലിയും തിരക്കിനുമിടയിൽ കുഞ്ഞൂഞ്ഞ് ആകെ നനഞ്ഞു കുളിച്ചു. അതിലൊന്നും പരിഭവപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യില്ലെന്ന് നാട്ടുകാർക്കറിയാം. അത്രയ്ക്ക് ജനകീയനാണ് അവരുടെ കുഞ്ഞൂഞ്ഞ്.
ഞായറാഴ്ചകളിൽ ഉമ്മൻചാണ്ടിയുടെ കരോട്ടുവള്ളക്കാലിലെ വീട്ടിൽ ഒരു പെരുന്നാളിനുള്ള ആളുണ്ടാവും. തീൻമേശയോ, കിടപ്പുമുറിയോ വാഹനമോ അങ്ങനെ ഒരു നോട്ടവുമില്ല, ആളുകൾ ഇടിച്ചുകയറും. അവരുടെ കുഞ്ഞൂഞ്ഞ് ആരോടും മാറിനിൽക്കാൻ പറയില്ല, മാറ്റിനിറുനിറുത്തുകയുമില്ല. ചേർത്ത് പിടിച്ചാണ് എന്നും ശീലിച്ചിട്ടുള്ളത്. ഓരോ വോട്ടറേയും പേരെടുത്ത് വിളിക്കാനുള്ളത്ര അടുപ്പമുണ്ട് ഉമ്മൻചാണ്ടിക്ക്.
സാമൂഹിക അകലമോ, നടന്നത് തന്നെ
കൊവിഡ് കാലത്ത് സാമൂഹിക അകലം നിർബന്ധമാണെങ്കിലും ഉമ്മൻചാണ്ടിക്ക് മാത്രം അത് പെട്ടെന്ന് കഴിയില്ല. മനപ്പൂർവമല്ല, ശീലമതാണ്. ആൾക്കൂട്ടമില്ലാത്ത കുഞ്ഞൂഞ്ഞിനെ ആർക്കും പരിചയമുണ്ടാകില്ല, അത് തന്നെയാണ് കാരണം. പ്രവർത്തകരുടെ ഒ.സി എപ്പോഴും അവർക്കൊപ്പമാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലം. യു.ഡി.എഫിന്റെ സംസ്ഥാനതല പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങാനൊരുങ്ങുകയാണ് അദ്ദേഹം. നിറഞ്ഞു കവിഞ്ഞ സദസിലേയ്ക്ക് ഉമ്മൻചാണ്ടിയിറങ്ങിയതോടെ എല്ലാവരും ഫോണുമായി മുന്നിലുണ്ട്. അത്യാവശ്യമായി തിരുവനന്തപുരത്ത് തിരികെ എത്തുകയും വേണം. കെ.എസ്.യു പിള്ളേരുടെ സെൽഫി കഴിഞ്ഞപ്പോൾ പിന്നാലെ കൂടിയത് യൂത്ത് കോൺഗ്രസുകാർ. പ്രധാന ഗേറ്റിന് മുന്നിലും വൻ ജനാവലി. ഒടുവിൽ ഒരുവിധം മൈതാനത്തിന് മൂലയിലേയ്ക്ക് കൊണ്ടുവന്ന പൊലീസ് ഉമ്മൻചാണ്ടിയെ എടുത്തുയർത്തിയാണ് മുള്ളുകമ്പി നിറഞ്ഞ മതിലിന് അപ്പുറത്തെ റോഡിലെത്തിച്ചത്.
ഒരു വോട്ടുപിടുത്തക്കാലം
2015ലെ തദ്ദേശ തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടു തേടിയിറങ്ങിയതാണ് പുതുപ്പള്ളിയിൽ. കരോട്ടുവള്ളക്കാലിലെ വീട്ടിൽ നിന്നിറങ്ങി തൃക്കോയിൽ ക്ഷേത്ര റോഡിലേയ്ക്കുള്ള കരിയില പുതച്ച ചെമ്മൺപാതയിലേയ്ക്ക് കാലെടുത്തുവയ്ക്കുമ്പോൾ ഒന്നു തെന്നി. പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് നെബുവിന്റെ കൈകളിൽ പിടിത്തമിട്ട ഉമ്മൻചാണ്ടി ഇളംപച്ചക്കരയൻ മുണ്ടിന്റെ തുമ്പ് കൈകൊണ്ടുയർത്തി ആഞ്ഞു നടന്നു. കാടുംമലയും കയറുന്ന സാറിനൊതെക്കെയന്തെന്നായിരുന്നു നാട്ടുകാരി മോളിച്ചേച്ചിയുടെ വക കമന്റ്. അയൽവാസി വിജയന്റെ വീട്ടുമുറ്റത്ത് എത്തിയപ്പോൾ ഷർട്ടിടാതെ പുറത്തേയ്ക്കിറങ്ങാൻ മടിച്ച വിജയനെ കാരണവരുടെ അധികാരത്തോടെ അരികിൽ വിളിച്ചു. ഇങ്ങോട്ടുവാന്നേ, ഷർട്ടൊന്നും വേണ്ട! മുന്നോട്ടിറങ്ങിയപ്പോൾ റോഡിൽ ഓട്ടോറിക്ഷാ ഡ്രൈവർ മനു. ''അമ്മ ആശുപത്രിയിൽ നിന്ന് വന്നോ?'' ഉമ്മൻചാണ്ടിയുടെ ചോദ്യം കേട്ടപ്പോൾ എങ്ങനെ അറിഞ്ഞെന്ന ഭാവം മനുവിന്. വലുപ്പച്ചെറുപ്പമില്ലാതെ ആളുകളോട് ഇടപെടുന്നയാൾക്ക് ഇതൊക്കെ അറിയാൻ എന്ത് പ്രയാസം!
പ്രവർത്തകന്റെ അമ്മ
കടുത്ത ഉമ്മൻചാണ്ടി ഫാനായ ഒരമ്മയുടെയും മകന്റെയും കഥയാണ് ഇനി പറയുന്നത്. വീട്ടിൽ എങ്ങനെയും ഉമ്മൻചാണ്ടിയെ കൊണ്ടുപോവണം, അമ്മയെ സന്തോഷിപ്പിക്കണം ഇതായിരുന്നു ആ പാർട്ടി പ്രവർത്തകന്റെ ഏറ്റവും വലിയ ആഗ്രഹം. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഉമ്മൻചാണ്ടിക്ക് സമയമില്ല. ഒരു ദിവസം രാവിലെ വീട്ടിലെത്തിയ പ്രവർത്തകൻ വികാരാധീനനായി. അമ്മയ്ക്ക് അസുഖം വളരെക്കൂടുതലാണ് . അങ്ങയെക്കണ്ടിട്ട് മരിക്കണമെന്നാ ആഗ്രഹം. തിരക്കിന്റെ നടുവിൽ നട്ടം തിരിഞ്ഞ ഉമ്മൻചാണ്ടി വിഷമ വൃത്തത്തിലായി. അമ്മയുടെ അന്ത്യാഭിലാഷം സാർ സാധിച്ചു തരണമെന്ന പ്രവർത്തകന്റെ വാക്കിൽ ഉമ്മൻചാണ്ടി വീണു. പ്രവർത്തകന്റെ വീടിനടുത്ത് കാർ നിന്നു. തലയെടുപ്പോടെ പ്രവർത്തകൻ വീട്ടിലേയ്ക്ക്. ഉമ്മൻചാണ്ടിയെ കണ്ടതിന്റെ ഞെട്ടലിലായിരുന്നു അയൽവാസികൾ. മരിക്കാൻ കിടക്കുന്ന ആളോട് എന്ത് പറയുമെന്ന വിഷമത്തിലായിരുന്നു ഉമ്മൻചാണ്ടി. വീട്ടിലേയ്ക്ക് നടന്നുകയറുമ്പോൾ എവിടയോ ഒരു തകരാറ് മണത്തു. ഈ സമയം മുറ്റമടിച്ചുകൊണ്ടിരുന്ന സ്ത്രീ പെട്ടെന്ന് ചൂൽ താഴെയിട്ട് ഭവ്യതയോടെ നിന്നു. പെട്ടെന്ന് പ്രവർത്തകൻ ''ചതിച്ചോ തള്ളേ, ഞാൻ വരാതെ എഴുന്നേൽക്കരുതെന്ന് പറഞ്ഞതല്ലേ. '' ഞാൻ കുറേക്കിടന്നടാ, ഒത്തിരി വൈകിയപ്പോഴോർത്തു ഇനി വരുകേലന്ന്'' ആ അമ്മയുടെ മറുപടി കേട്ട് ഉമ്മൻചാണ്ടിക്കും ചിരിയടക്കാനായില്ല!
പുതുപ്പള്ളിയിൽ ഡ്രൈവറില്ല
ഉമ്മൻചാണ്ടിക്ക് സ്വന്തമായി ഫോണില്ല. കൈയിൽ ഒരു രൂപപോലും കാണില്ല. ഇതൊക്കെ അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് അറിയാം. അതുപോലെയാണ് പുതുപ്പള്ളിയിൽ സ്ഥിരം വണ്ടിയോ ഡ്രൈവറോ കാണില്ല. അപ്പോൾ കിട്ടുന്ന വണ്ടി ഓട്ടം വിളിക്കുകയാണ് പതിവ്. അതിരാവിലെ തുടങ്ങുന്ന ഓട്ടം കഴിയുമ്പോൾ പാതിരാ പിന്നിടും. ഡ്രൈവർക്ക് നേരേചൊവ്വേ വെള്ളംപോലും കുടിക്കാൻ സമയം കിട്ടില്ല. വണ്ടിയിലാണേൽ സൂചികുത്താനിടവും കാണില്ല. ഡ്രൈവർക്ക് പോലും ചിലപ്പോൾ ഇരിക്കാൻ സ്ഥലംകിട്ടിയെന്ന് വരില്ല. ഈ തൊന്തരൊവൊക്കെ അറിയാവുന്നവർ കഴിവതും ഓട്ടത്തിൽ നിന്ന് ഒഴിവാകും. ഒരു ദിവസം ഒരു വണ്ടി ഓട്ടം വിളിച്ചു. പതിവുപോലെ വെളുപ്പാംകാലത്ത് തുടങ്ങിയ ഓട്ടം. ഇതിനിടെ വൈകിട്ട് മറ്റൊരു ഓട്ടത്തിന് ചെല്ലാമോയെന്ന് ആരോ മൊബൈലിൽ തിരക്കി. '' ഒരു രക്ഷയുമില്ല, ഇന്നൊരു ഗുലുമാലുമായിപ്പോവുകയാ'' -ഉടനെത്തി ഡ്രൈവറുടെ മറുപടി.
പിറന്നാൾ ആഘോഷിക്കാത്ത ഒ.സി
മൂന്നര പതിറ്റാണ്ടായി ഉമ്മൻചാണ്ടി പിറന്നാൾ ആഘോഷിക്കാറില്ല. 1984 ഒക്ടോബർ 31നാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്. അന്ന് മുതൽ ആഘോഷങ്ങളോട് അകലം പാലിച്ച് പ്രാർത്ഥന മാത്രമായി ഉമ്മൻചാണ്ടിയുടെ പിറന്നാൾ ആഘോഷം ഒതുങ്ങും. അന്ന് തൊട്ട് ഇന്നുവരെ ആ തീരുമാനത്തിന് മാറ്റവുമുണ്ടായിട്ടില്ല.