മലയാള സിനിമയിലെ താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും തമ്മിൽ സഹോദര സ്‌നേഹമാണ് ഉള്ളത്. തന്റെ സഹോദരങ്ങൾ മമ്മൂട്ടിയെ സ്നേഹത്തോടെ വിളിക്കുന്ന 'ഇച്ചാക്ക'എന്ന് തന്നെയാണ് മോഹൻലാൽ അദ്ദേഹത്തെ വിളിക്കുന്നത്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഇരുവരും തമ്മിലുള്ള ആത്മബന്ധം.
നമ്പർ 20 മദ്രാസ് മെയിൽ, ഹരികൃഷ്ണൻസ്, ട്വിന്റി ട്വിന്റി, അവിടത്തെ പോലെ ഇവിടെയും തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ആ സിനിമകളൊക്കെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ ഒരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ജോഷി.
സിനിമ നടൻ മമ്മൂട്ടിയായിട്ട് തന്നെയാണ് ചിത്രത്തിൽ മെഗാസ്റ്റാർ എത്തിയത്. ' മിസ്റ്റർ മമ്മൂട്ടി നിങ്ങളേക്കാൾ നന്നായി ദേ ഇവൻ ഈ ഹരി അഭിനയിക്കും.ഇപ്പോൾ ഇറങ്ങുന്ന സിനിമകളൊക്കെ പൊട്ടുകയാണല്ലോ' ചിത്രത്തിനായി ആദ്യമെഴുതിയ സ്‌ക്രിപ്റ്റിലെ വരികളായിരുന്നു ഇത്. എന്നാൽ ഇത് മോഹൻലാൽ വായിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ മറുപടിയാണ് ജോഷി വർഷങ്ങൾക്കിപ്പുറം വെളിപ്പെടുത്തിയിരിക്കുന്നത്. 'സർ ഇച്ചാക്കയുടെ മുഖത്തുനോക്കി ഈ ഡയലോഗുകൾ പറയാൻ എനിക്ക് പറ്റില്ല' എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.ഇരുവരും തമ്മിലുള്ള ആത്മബന്ധം തന്നെയാണ് ആ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.