സെക്രട്ടേറിയറ്റ് മന്ദിരം.
ലിഫ്റ്റിറങ്ങി വരുന്ന എം.കെ. സാനുമാഷ്. (അന്ന് എം.എൽ.എയാണ്.)
അവിടെ നിൽക്കുന്ന സുഹൃത്തായ കവി ഡോ.കെ.അയ്യപ്പപ്പണിക്കരെക്കണ്ട്
ആശ്ചര്യത്തോടെ 'എന്താ കാര്യം? " എന്ന് ചോദിച്ചു.
ഒന്നുമില്ല . ഒരാളെക്കാണാനുണ്ടെന്നു പറഞ്ഞ് അയ്യപ്പപ്പണിക്കർ ലിഫ്റ്റിൽക്കയറിപ്പോയി.
അന്നത്തെ വിദ്യാഭ്യാസ മന്ത്രി കെ.ചന്ദ്രശേഖരൻ അടുത്ത ദിവസം.
സാനുമാഷിനെക്കണ്ടപ്പോൾ പറഞ്ഞു. 'തന്റെ സുഹൃത്ത് ആളു കൊള്ളാമല്ലോ..കേരള സർവകലാശാല വൈസ് ചാൻസലർ പദവി അയാൾക്ക് വേണ്ടെന്ന്....നിർബന്ധിച്ചപ്പോൾ ദ്റോഹിക്കരുതെന്നായിരുന്നു മറുപടി. ചെറിയ പദവി കിട്ടാൻ വരെ ശുപാർശയുമായി വരുന്നവർക്കിടയിൽ ഇങ്ങനെയുള്ള മനുഷ്യരുമുണ്ടല്ലോ." മന്ത്രി ചന്ദ്രശേഖരൻ പറഞ്ഞു. പിന്നീട് സാനുമാഷിനെ കണ്ടപ്പോഴൊന്നും ഇങ്ങനെയൊരു സംഭവം നടന്നതായി അയ്യപ്പപ്പണിക്കർ ഭാവിച്ചതേയില്ല.
ഡോ.അയ്യപ്പപ്പണിക്കർ എന്ന മലയാളം കണ്ട പ്രതിഭാശാലിയായ കവി ഒരു വലിയ മനുഷ്യനായിരുന്നു. പദവികൾക്കു പിറകെ പോകാത്ത, പ്രലോഭനങ്ങളിൽ വീഴാത്ത, നർമ്മബോധത്തോടെ എന്നും ജീവിതത്തെ നോക്കിക്കണ്ടയാൾ. കുറിക്കുകൊള്ളുന്ന നർമ്മം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.
ഒരിക്കൽ കവി അയ്യപ്പൻ അയ്യപ്പപ്പണിക്കരുടെ വീടിന്റെ മുന്നിൽ വന്നുനിന്ന് ഗേറ്റിൽ തട്ടി. ലഹരിയിലായിരുന്ന അയ്യപ്പൻ വിളിച്ചു പറഞ്ഞു
'ഞാൻ എ. അയ്യപ്പൻ.."
പണിക്കർ സാറിന്റെ കമന്റ്. 'എ. അയ്യപ്പനല്ല. ആൻ അയ്യപ്പൻ."
ഭാരതീയ കാവ്യമീമാംസയെ ആഴത്തിൽ അറിഞ്ഞയാളായിരുന്നു ഡോ. കെ. അയ്യപ്പപ്പണിക്കർ. ലോക സാഹിത്യത്തിലെ മാറ്റങ്ങളെ സസൂക്ഷ്മം പിന്തുടർന്നയാൾ. ലോക നാടക വേദിയെക്കുറിച്ചും ഇന്ത്യൻ നാടക വേദിയെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നയാൾ. ആധുനിക മലയാള കവിതയിൽ തരംഗം സൃഷ്ടിച്ചതാണ് പണിക്കരുടെ കുരുക്ഷേത്രം. ഒരു പ്രസ്ഥാനത്തിന്റെയും പിൻബലമില്ലാതെ മലയാള കവിതയിൽ ഇടംനേടിയ കവി. മികച്ച അദ്ധ്യാപകൻ, പണ്ഡിതൻ. തലമുറകളെ പ്രോത്സാഹിപ്പിക്കുകയും കവിതയിലേക്ക് നയിക്കുകയും ചെയ്ത ഗുരു. നാടകത്രയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സി.എൻ. ശ്രീകണ്ഠൻനായരുടെ സാകേതം, ലങ്കാലക്ഷ്മി എന്നിവയ്ക്കെഴുതിയ അവതാരികയും കാഞ്ചനസീതയ്ക്കെഴുതിയ ആമുഖവും വായിച്ചാലറിയാം അയ്യപ്പപ്പണിക്കരുടെ നാടക സിദ്ധാന്തങ്ങളിലുള്ള അവഗാഹം. അങ്ങനെയുള്ള പണിക്കരെക്കുറിച്ച് ഒരു വെബ് സൈറ്റ് തയാറാക്കിയപ്പോൾ സ്വാതന്ത്ര്യാനന്തര കാലത്തെ മികച്ച കവി എന്ന അർത്ഥത്തിൽ ഗ്രേറ്റ് എന്ന് രേഖപ്പെടുത്തി. അതു വായിച്ചു നോക്കിയ പണിക്കർ വെബ് സൈറ്റ് തയാറാക്കിയ സുഹൃത്തിനോട് ആ ഗ്രേറ്റ് വെട്ടാൻ പറഞ്ഞു. ഗ്രേറ്റാണല്ലോയെന്ന് സുഹൃത്ത് വാദിച്ചപ്പോൾ അത് ഇരുപത്തിയഞ്ചോ അമ്പതോ വർഷം കഴിഞ്ഞു വായിക്കുന്നവർ തീരുമാനിക്കട്ടേയെന്നായിരുന്നു പണിക്കരുടെ മറുപടി.
യേൽ, ഹാർവാഡ് സർവകലാശാലകളിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയ ഡോ. പണിക്കർ അദ്ദേഹത്തിന്റെ പ്രൊഫസറായ ഇ.ഗ്രോസിനെ അദ്ഭുതപ്പെടുത്തി വർഷങ്ങൾകൊണ്ട് പൂർത്തിയാക്കേണ്ട ഗവേഷണം മൂന്നുമാസം കൊണ്ട് പൂർത്തിയാക്കി. പാശ്ചാത്യ സാഹിത്യകാരൻമാരുമായി ഉറ്റസൗഹൃദം പുലർത്തിയിരുന്ന ഡോ. പണിക്കർക്ക് തിരുവനന്തപുരത്ത് ചങ്ങാത്തമുണ്ടായിരുന്നവരിൽ കാർ ഡ്രൈവർമാരും ഓട്ടോറിക്ഷക്കാരും ഉൾപ്പെട്ടിരുന്നു. പാളയത്തെ ടാക്സി ഡ്രൈവറായ രാജപ്പനായിരുന്നു ഉറ്റ സുഹൃത്തുക്കളിൽ ഒരാൾ. അദ്ധ്യാപകനായിരുന്നപ്പോൾ രാഘവൻ, കൃഷ്ണൻനായർ എന്നീ ക്ളാസ് ഫോർ ജീവനക്കാരായിരുന്നു അടുത്തയാളുകൾ. ജീവിതത്തിലൊരിക്കലും വലിപ്പച്ചെറുപ്പം കാട്ടിയിരുന്നില്ല. അയ്യപ്പപ്പണിക്കരുടെ കൃതികൾക്കായിരുന്നു 2002 ലെ വയലാർ അവാർഡ്. എന്നാൽ അദ്ദേഹം അത് സ്വീകരിച്ചില്ല. തന്നെ ഒഴിവാക്കണമെന്നായിരുന്നു വിവരമറിയിച്ച സംഘാടകരോട് ആവശ്യപ്പെട്ടത്. ടാഗോർ തിയേറ്ററിൽ അവാർഡ് ദാനച്ചടങ്ങ് നടന്നപ്പോൾ അദ്ദേഹം ഏറ്റുവാങ്ങാൻ പോയില്ല. ചടങ്ങിലേക്ക് ക്ഷണിക്കാൻ ചെന്ന സംഘാടകരോട് " തനിക്കു സമയമില്ല. റേഷൻകടയിൽ മണ്ണെണ്ണ വാങ്ങാൻ പോവണമെന്നായിരുന്നു " ഡോ . പണിക്കരുടെ വിഖ്യാതമായ മറുപടി.
1970 കളിലെയും 80 കളിലെയും കാമ്പസുകളുടെ ഹരമായിരുന്നു അയ്യപ്പപ്പണിക്കരുടെ ' പകലുകൾ രാത്രികൾ " എന്ന കവിത.സിനിമയ്ക്ക് പാട്ടെഴുതാൻ ഡോ. പണിക്കർ ഒരിക്കലും തയാറായിരുന്നില്ല. ലെനിൻ രാജേന്ദ്രൻ വേനൽ എന്ന സിനിമയെടുത്തപ്പോൾ ഈ കവിതയിലെ ഭാഗങ്ങൾ അതിൽ ഉൾപ്പെടുത്തി. നെടുമുടി വേണുവാണ് കവിത ചൊല്ലിയത്. യേശുദാസിനെക്കൊണ്ട് ചൊല്ലിക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യമെങ്കിലും വേണു ചൊല്ലിയതു കേട്ട യേശുദാസ് അത് മതിയെന്നു പറയുകയായിരുന്നു.
'നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെയിരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ നീ തന്നെ സന്ധ്യേ " എന്നാരംഭിക്കുന്ന ആ കവിത തലമുറകളുടെ ഹരമായി ഇന്നും തുടരുന്നു.
രോഗബാധിതനായി കഴിയുമ്പോഴും പണിക്കർ നർമ്മം കൈവിട്ടിരുന്നില്ല. താൻ മരിക്കുമ്പോൾ റീത്തുകൾ കൊണ്ടുവച്ച് കഴുത്തൊടിക്കരുതെന്നും ഒൗദ്യോഗിക ബഹുമതിയെന്ന പേരിൽ വീണ്ടും വെടിവച്ചു കൊല്ലരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അയ്യപ്പപ്പണിക്കർ മരിച്ചപ്പോൾ എം.എ.ബേബിയായിരുന്നു സാംസ്കാരിക മന്ത്രി. സംസ്ഥാനത്തിന്റെ ആദരവ് പ്രകടിപ്പിക്കണമെന്ന ബേബിയുടെ സ്നേഹ നിർബന്ധത്തിന് സുഹൃത്തുക്കൾ വഴങ്ങുകയായിരുന്നു. അയ്യപ്പപ്പണിക്കരുടെ നവതിയായിരുന്നു കഴിഞ്ഞ ദിവസം.
പകലായ പകലൊക്കെ
വറ്റിക്കഴിഞ്ഞിട്ടും
പതിവായി നീ വന്ന നാളിൽ
പിരിയാതെ 'ശുഭരാത്രി"
പറയാതെ കുന്നിന്റെ
ചെരിവിൽക്കിടന്നുവോ നമ്മൾ? (പകലുകൾ, രാത്രികൾ)