അബുദാബി: ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്‌റിൻ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് യു എ ഇ. നടപടിയെ അഭിനന്ദിച്ച് യു എ ഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഴിയാണ് പ്രസ്‍താവന പുറപ്പെടുവിച്ചത്. സമാധാനത്തിന്റെയും സഹകരണത്തിന്റെയും കാലാവസ്ഥയെ പ്രാദേശികമായും അന്തർദേശീയമായും ഈ ബന്ധങ്ങൾ നല്ല രീതിയിൽ സ്വാധീനിക്കുമെന്ന് യു എ ഇ പ്രത്യാശ പ്രകടിപ്പിച്ചു.
സുരക്ഷയുടെയും സമൃദ്ധിയുടെയും ഒരു യുഗത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പിനെയാണ് ഈ നീക്കം പ്രതിനിധീകരിക്കുന്നതെന്നും ഇത് സാമ്പത്തിക, സാംസ്കാരിക, ശാസ്ത്രീയ, നയതന്ത്ര മേഖലകളുടെ സഹകരണ സാദ്ധ്യത വർദ്ധിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇരുരാജ്യങ്ങളുടേയും തീരുമാനം മറ്റൊരു ചരിത്ര മുന്നേറ്റമാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു. യു എസിന്റെ അടുത്ത സുഹൃത്തുക്കളായ ഇസ്രയേലും ബഹ്റിനും സമാധാന കരാറിന് തയാറായി എന്ന് ട്രംപ് ട്വിറ്ററിൽ വ്യക്തമാക്കിയിരുന്നു. യു എസ്, ബഹ്റിൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയും ട്രംപ് പങ്കുവച്ചു.
ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിൽ ഏർപ്പെടുന്ന നാലാമത്തെ അറബ് രാഷ്ട്രമാണ് ബഹ്റിൻ. 30 ദിവസത്തിനുള്ളിൽ ഇസ്രയേലുമായി സമാധാന കരാറിൽ ഏർപ്പെടുന്ന രണ്ടാമത്തെ അറബ് രാജ്യമാണ് ബഹ്റൈനെന്നും ട്രംപ് ട്വീറ്റ് ചെയ്തു. നേരത്തെ മദ്ധ്യപൂർവദേശത്തു പുതിയ ചരിത്രം സൃഷ്ടിച്ച് യു എ ഇയും ഇസ്രയേലും തമ്മിൽ സമാധാന കരാറിൽ ഏർപ്പെട്ടിരുന്നു.