ദുബായ്: മൂന്ന് ദിവസം നീണ്ട തിരച്ചിലിനൊടുവിൽ കാണാതായ മലയാളിയെ കണ്ടെത്തി. സെപ്തംബർ അഞ്ചിന് കാണാതായ മുപ്പത്തിരണ്ടുകാരനായ ഫൈസൽ അബ്ദുൾ സലാമിനെയാണ് ദുബായിൽ ഇയാൾ ജോലി ചെയ്യുന്ന സൂപ്പർ മാർക്കറ്റിന് സമീപം കണ്ടെത്തിയത്. ഫൈസലിന് ചെറിയ മറവി രോഗമുണ്ട്
'ഒരു വർഷത്തിലേറെയായി അദ്ദേഹം ഓർമക്കുറവിനുള്ള മരുന്നുകൾ കഴിക്കുന്നു. ഞങ്ങൾ അദ്ദേഹത്തെ സൂപ്പർമാർക്കറ്റിനടുത്ത് കണ്ടെത്തി. അദ്ദേഹം പരിഭ്രാന്തിയിലായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ഫൈസലിന് ഓർമ്മയില്ല'-ബന്ധുവായ വജാസ് അബ്ദുൽ വാഹിദ് പറഞ്ഞു.
കൊവിഡ് മൂലം, ഇന്ത്യയിൽ നിന്ന് സാധാരണ കഴിക്കുന്ന മരുന്നുകൾ എത്തിക്കാൻ സാധിച്ചിരുന്നില്ല. മരുന്ന് കഴിക്കാതായതോടെ ഫൈസലിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടു. സെപ്തംബർ അഞ്ചിന് ഉച്ചതിരിഞ്ഞ്, സഹപ്രവർത്തകനൊപ്പം ആശുപത്രിയിലേക്ക് പോകാനിരുന്നതായിരുന്നു. വസ്ത്രം മാറാൻ സൂപ്പർമാർക്കറ്റിനടുത്തുള്ള മുറിയിലേക്ക് പോയ ഇയാളെ കാണാതാകുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവനന്തപുരത്ത് നിന്ന് ജോലി തേടി കഴിഞ്ഞ വർഷമാണ് ഫൈസൽ യു.എ.ഇയിൽ എത്തിയത്. ഫൈസൽ വിവാഹിതനാണ്. ഒരു കുട്ടിയുമുണ്ട്.