ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് സെപ്തംബർ എട്ടിനാണ് ബോളിവുഡ് താരം റിയ ചക്രബർത്തി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായത്. കറുത്ത ടിഷർട്ട് അണിഞ്ഞാണ് താരമെത്തിയത്. തടിച്ചുകൂടി നിന്ന മാദ്ധ്യമങ്ങളോടൊന്നും ഒരു വാക്കുപോലും പ്രതികരിക്കാതെയാണ് നടി ഓഫീസിലേക്ക് കയറിപ്പോയത്.
റിയ ഒരു വാക്ക് പോലും ഉച്ചരിച്ചില്ലെങ്കിലും, അവർ ധരിച്ച ടിഷർട്ട് ഒരുപാട് കാര്യങ്ങൾ വിളിച്ചുപറയുന്നുണ്ടായിരുന്നു. ആ ടി ഷർട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാകുകയാണ്. 'റോസാപ്പൂക്കൾ ചുവപ്പാണ്, വയലറ്റുകൾ നീലയാണ്, പുരുഷാധിപത്യത്തെ തകർക്കാം, ഞാനും നിങ്ങളും' - ഇതാണ് ആ കറുത്ത ടി ഷർട്ടിലെഴുതിയ വാചകങ്ങൾ.
ഗൂഗിളിൽ നിരവധിയാളുകളാണ് നടിയുടെ ടി ഷർട്ടിന് മുകളിലുള്ള പാട്രിയാർക്കി (പുരുഷാധിപത്യം) എന്ന വാക്കിന്റെ അർത്ഥം തിരഞ്ഞത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ ഗൂഗിളിൽ പാട്രിയാർക്കിയുടെ അർത്ഥം തിരഞ്ഞു. ഓൺലൈൻ വസ്ത്ര, ആക്സസറീസ് കമ്പനിയായ ദ സോൾഡ് സ്റ്റോറിന്റെ പ്രചരണത്തിന്റെ ഭാഗമായുള്ളതാണ് നടി അണിഞ്ഞ ടി-ഷർട്ട്.