kala-mohan

വിവാഹേതര ബന്ധങ്ങൾ മിക്കപ്പോഴും കുടുംബ ജീവിതങ്ങൾ തകരാൻ കാരണമാകാറുണ്ട്. മറ്റൊരാളെ പ്രണയിക്കുമ്പോൾ ചില സമയങ്ങളിൽ തന്റെ ഭർത്താവിനെയോ ഭാര്യയെയോ വഞ്ചിച്ചെന്ന് ചിന്തിച്ച് കുറ്റബോധം തോന്നുന്നവരും ഉണ്ട്. അത്തരത്തിലൊരു പ്രണയത്തെക്കുറിച്ച് സൈക്കോളജിസ്റ്റായ കലാ മോഹൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

തന്നെ ഒരാൾ കരഞ്ഞുകൊണ്ട് ഫോണിൽ വിളിച്ചതിനെക്കുറിച്ചാണ് കലാ മോഹൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. ഭർതൃമതിയായ ഒരുവളായിരുന്നു അയാളുടെ കാമുകി. എന്നാൽ ആ സ്ത്രീയുടെ ഭർത്താവ് മരിച്ചതോടെ അവൾ കുറ്റബോധം മൂലം കാമുകനിൽ നിന്ന് അകലുകയാണ്. ഇതിനെക്കുറിച്ചാണ് സൈക്കോളജിസ്റ്റിന്റെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പണ്ട്, ഗീതാ ക്ലാസ്സ്‌ എടുക്കാൻ ഒരു അദ്ധ്യാപിക വരുമായിരുന്നു..
അമ്മുമ്മ ടീച്ചർ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്..
നിറച്ചും വെള്ളി മുടിയായിരുന്നു..
ഭസ്മ ഗന്ധവും..
ഓരോ അദ്ധ്യായവും പറഞ്ഞു കേൾപ്പിച്ചാൽ കുട്ടിക്ക് കണ്ണ് തട്ടേണ്ട എന്ന് വെച്ച് ഒരു മന്ത്രം ഓതും..

ഞാനത് ഓർമ്മയിൽ നിന്ന് പൊടി തട്ടി എടുക്കാൻ നോക്കാറുണ്ട്..
തമാശയായും പിന്നെ ഇടയ്ക്ക് ചിലപ്പോൾ കാര്യമായും..
പ്രകൃതി കണ്ണ് വെയ്ക്കുന്ന ചില സ്നേഹം കാണുമ്പോൾ മുഖ്യമായും..

"" ഈശ്വരൻ പോലും കണ്ണ് വെച്ച് കാണും, അവളെന്നെ സ്നേഹിച്ച രീതി കണ്ടിട്ട്..

എത്ര നാൾ മുൻപാണെന്ന് അറിയില്ല എന്നെ തേടി ഒരു കോൾ എത്തി..

അങ്ങേതലയ്ക്ക് ഒരു പുരുഷൻ..
ആദ്യമായിട്ടാണ് ഒരു ആണിന്റെ വാവിട്ട കരച്ചിൽ ഞാൻ ഇങ്ങനെ അറിയുന്നത്..
പുരുഷൻ കരയുന്നത് അയ്യേ എന്ന് പറയുന്ന സമൂഹത്തിൽ ആണല്ലോ നമ്മൾ..

കുടുംബ മൂല്യങ്ങളും സദാചാര ചിന്തകളും പലപ്പോഴും മനുഷ്യന്റെ മനസ്സ് തട്ടി കളയും..
സ്നേഹ കൊതിക്ക് മുന്നില്..

ഇതു വേണോ എന്നും പറഞ്ഞു വെച്ച് നീട്ടുക..
അത്യധികം ആഹ്ലാദത്തോടെ സ്വീകരിച്ചു മാറോടു ചേർത്ത് പിടിച്ചു കണ്ണടച്ചു ലയിച്ചു നിൽക്കുന്ന നേരം,
തന്ന ആൾ തന്നെ തട്ടി പറിച്ചു കൊണ്ട് ഓടുക !!
അതിനേക്കാൾ വലിയ ക്രൂരത മറ്റൊന്നുമില്ല..

എന്നെ വിളിച്ചു പുരുഷന് , ഒരു പ്രണയമുണ്ടായിരുന്നു..
ഒരേ ഇടത്ത് ജോലി നോക്കിയിരുന്ന രണ്ടു പേര്..
സ്ത്രീയുടെ ജീവിതത്തിലെ ദാമ്പത്യ ദുരിതങ്ങൾ അവളെ അയാളോട് അടുപ്പിച്ചു എന്ന് പറയാം...

മക്കൾ ഉള്ളത് കൊണ്ട് കളഞ്ഞിട്ട് പോകാനും വയ്യ..
കുടിച്ചു വന്നിട്ടുള്ള തെറി വിളി കേട്ടു വയ്യ..

നിരന്തരം അപവദിക്കപ്പെടുന്ന അപമാനിക്കപ്പെടുന്ന ഒരു സ്ത്രീ...
ആദ്യം തോന്നിയ സഹതാപം പിന്നെ സ്നേഹവും പ്രേമവും ആയി..

ചെറുപ്പത്തിലേ അമ്മ നഷ്‌ടമായതിന്റെ ദുഃഖം ഉള്ളിൽ ഉള്ള ഒരു പുരുഷൻ, അവന്റെ മനസ്സ് അവളിൽ ആത്മാർത്ഥമായി അടുത്തു..

തെറ്റാണെന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ട് അവളത് ആദ്യം നിഷേധിച്ചെങ്കിലും പിന്നെ ഇരട്ടി സ്നേഹം കൊടുത്തു, തിരിച്ചു വാങ്ങി..

ഒരു നിമിഷം പോലും പിണങ്ങി ഇരിക്കാത്ത രണ്ടു കൂട്ടുകാരായി..
സ്നേഹവും കരുതലും കൊടുത്തും വാങ്ങിയും മത്സരിച്ചു..
ഒന്നിച്ചു ജീവിക്കാൻ കഴിയില്ല എന്നറിഞ്ഞു തന്നെ.. !

അപ്രതീക്ഷിതമായി അവളുടെ ഭാർത്താവ് മരണപ്പെട്ടു..
വീട്ടുകാർ വന്ന് അവളെ സ്വന്തം വീട്ടിൽ കൊണ്ട് പോയി..
ട്രാൻസ്ഫർ ശ്രമിക്കുന്നു എന്നറിഞ്ഞു..

ഒരു തരത്തിലും ഇപ്പോൾ അവൾ മിണ്ടാനോ കാണാനോ തയ്യാറാകുന്നില്ല...

" അദ്ദേഹത്തോട് ഞാൻ നീതികേട് കാണിച്ചു, മക്കൾക്ക് അച്ഛനില്ലാതെ ആയി എന്ന് മാത്രം കരഞ്ഞു പറഞ്ഞു..
ഇനി വിളിക്കരുത് എന്ന് പറഞ്ഞു..
ഒരിക്കലും കാണരുത് എന്ന് കടുപ്പത്തിൽ ആജ്ഞാപിച്ചു..

എന്നെ അവൾ ഇങ്ങനെ വെറുക്കുന്നത് സഹിക്കാൻ പറ്റുന്നില്ല..
ഒന്ന് മിണ്ടിയാൽ മാത്രം മതി..
എനിക്ക് വേണ്ടി ഒന്ന് മാഡം സംസാരിക്കാമോ?
എന്റെ അടുത്ത് അവളെ മടക്കി കൊണ്ട് വരാൻ പറ്റുമോ..

ആ ചോദ്യം എനിക്ക് നിഷേധിക്കാനേ പറ്റു..
എന്നിലെ ഔദ്യോഗിക നിലപാടുകളും മൂല്യങ്ങളും പാലിക്കുക എന്നത് മുഖ്യമാണ്..
അതേ പോലെ എന്റെ സാമൂഹികവും ആത്മീയവും മാനസികാവുമായ സുരക്ഷ കൂടി നോക്കേണ്ടതുണ്ട്..
വ്യക്തി ബന്ധമല്ല, ഉദ്യോഗനിലപാടുകൾ ആണ് ഇവിടെ ഞാൻ നോക്കുക...

എന്നെ ആ കുട്ടി വിളിച്ചാൽ ഞാൻ സംസാരിക്കാം, സമാധാനിപ്പിക്കാം..
അല്ലേൽ അവരുടെ വീട്ടുകാർ..
ഇങ്ങനെ ഒരു കാര്യം പറഞ്ഞു എനിക്ക് വിളിക്കാൻ പറ്റില്ലല്ലോ..
ജീവിതം നഷ്‌ടമായി എന്ന് തോന്നിയടത്ത് നിന്നും ഉയർത്തെഴുന്നേൽക്കാൻ ഞാൻ നിർദേശിച്ചു..
പലതും പറഞ്ഞു കൊടുക്കാൻ ശ്രമിച്ചു..
അതയാൾ കേൾക്കുന്നത് പോലുമില്ലായിരുന്നു...

ഒന്ന് വിളിക്കുമോ എന്നുള്ള ചോദ്യത്തിന് വീണ്ടും ഇല്ല, എന്ന
എന്റെ ഉത്തരം കേട്ട് അയാൾ നിരാശയോടെ ഫോൺ വെച്ചു...
അപ്പോഴും, അയാൾ കരയുന്നുണ്ടായിരുന്നു...
അതെന്റെ ഉള്ളിൽ തൊട്ടു..
ഹൃദയം പൊള്ളിച്ചു...

സ്നേഹത്തിന് മേലെ ആണ് ഏറ്റവും കണ്ണ് വെയ്ക്കുന്നത്..
എന്നെ ഇത്രയും നീ സ്നേഹിക്കുന്നല്ലോ.
ഞാനിത്രയും നിന്നെ പ്രണയിക്കുന്നല്ലോ എന്നൊരു ഭ്രാന്ത് പ്രകൃതിയെ പോലും അസൂയപ്പെടുത്തും..

മൂഢ സങ്കൽപ്പങ്ങളും അന്ധവിശ്വാസവുമാണ്..
ആകട്ടെ...
ഞാൻ വീണ്ടും ഓർമ്മയിൽ പരതുക ആയിരുന്നു..
ഒരു കന്നി മുതൽ ഏഴാം കന്നിക്ക്,
കണ്ണേറു, കമ്പേറു, നാവു ദോഷം,... തുടങ്ങി
അമ്മുമ്മ ടീച്ചർ ചൊല്ലുമായിരുന്ന ആ മന്ത്രം..
മരുന്നും തന്ത്രോം ഏൽക്കാത്ത വേദനയ്ക്ക് ചൊല്ലി കൊടുക്കാമായിരുന്നു....

കല, കൗൺസലിംഗ് സൈക്കോളജിസ്റ്റ്