neet
കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂളിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളെ സുരക്ഷാ പരിശോധന നടത്തി പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നു ഫോട്ടോ: ശ്രീകുമാർ ആലപ്ര

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച പരീക്ഷ അഞ്ച് മണിക്ക് അവസാനിക്കും. രാജ്യത്താകെ 15.97 ലക്ഷം വിദ്യാർത്ഥികളാണ് രജിസ്റ്റർചെയ്തിരിക്കുന്നത്. കേരളത്തിൽ 12 ജില്ലകളിലായി 322 പരീക്ഷാകേന്ദ്രങ്ങളിലായി 1,15,959 പേരാണ് പരീക്ഷ എഴുതുന്നത്.

കർശന പരിശോധകൾക്ക് ശേഷമാണ് വിദ്യാർത്ഥികളെ പരീക്ഷാ ഹാളുകളിലേക്ക് പ്രവേശിപ്പിച്ചത്. സാമൂഹ്യ അകലം ഉറപ്പാക്കിയായിരുന്നു പരിശോധന. പരീക്ഷാ ഹാളുകളും പരിസരവും നേരത്തേ അണുവിമുക്തമാക്കിയിരുന്നു. വിദ്യാർത്ഥികളും കൂടെ എത്തുന്ന രക്ഷിതാക്കളും നിയന്ത്രണങ്ങളും മുൻകരുതലുകളും കർശനമായി പാലിക്കണമെന്ന് അധികൃതർ നേരത്തേ തന്നെ അറിയിച്ചിരുന്നു. വിദ്യാർത്ഥികൾ മാസ്ക്,ഗ്ളൗസ്, സാനിറ്റൈസർ തുടങ്ങിയ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കണമെന്നും ഇവപരീക്ഷാ കേന്ദ്രങ്ങളിൽ ഉപേക്ഷിക്കാൻ പാടില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കിയിരുന്നു. പരീക്ഷാ കേന്ദ്രത്തിന്റെ പരിസരത്ത് രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കാൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ തലസ്ഥാനത്തെ ചില പരീക്ഷാ കേന്ദ്രങ്ങളിൽ രക്ഷിതാക്കൾ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചത് ഏറെ വിവാദമായിരുന്നു.