കോട്ടയം: ആൾക്കൂട്ടമില്ലാതെ ഉമ്മൻ ചാണ്ടിയില്ല.. അതാണ് അദ്ദേഹത്തെ മറ്റ് രാഷ്ട്രീയക്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. എപ്പോഴും അദ്ദേഹത്തോടൊപ്പം ഒരുപറ്റം ആൾക്കാർ ഉണ്ടാവും. കാർ യാത്രയിൽപ്പോലും ഇതുതന്നെ അവസ്ഥ. ഇമ്മിണി വലിയ നേതാക്കൾ മുതൽ ഛോട്ടാ നേതാക്കൾവരെ ഈ സംഘത്തിലുൾപ്പെടും. ഒരാളുടെ മടിയിലായിരിക്കും മറ്റൊരാൾ ഇരിക്കുക. തിക്കിത്തിരക്കിയുളള ഈ യാത്രയിൽ ഉമ്മൻ ചാണ്ടിക്ക് അശേഷം വിഷമമില്ല. പക്ഷേ, വിഷമമുളള ഒരുകൂട്ടരുണ്ട്, പുതുപ്പളളിയിലെ ടാക്സി ഡ്രൈവർമാർ. ഓട്ടം കഴിയുമ്പോൾ ചോദിക്കുന്നതിനെക്കാൾ കൂടുതൽ കാശുകിട്ടമെന്നതിനാൽ പണമല്ല ഈ വിഷമത്തിന് കാരണം ...
ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളിയിൽ സ്ഥിരം വണ്ടിയോ ഡ്രൈവറോ കാണില്ല. അപ്പോൾ കിട്ടുന്ന വണ്ടി ഓട്ടം വിളിക്കുകയാണ് പതിവ്. അതിരാവിലെ തുടങ്ങുന്ന ഓട്ടം കഴിയുമ്പോൾ പാതിരാ പിന്നിടും. ഡ്രൈവർക്ക് നേരേചൊവ്വേ വെള്ളംപോലും കുടിക്കാൻ സമയം കിട്ടില്ല. വണ്ടിയിലാണേൽ സൂചികുത്താനിടവും കാണില്ല. ഡ്രൈവർക്ക് പോലും ചിലപ്പോൾ ഇരിക്കാൻ സ്ഥലംകിട്ടിയെന്ന് വരില്ല. ഈ തൊന്തരൊവൊക്കെ അറിയാവുന്നവർ കഴിവതും ഓട്ടത്തിൽ നിന്ന് ഒഴിവാകും. ഒരു ദിവസം ഒരു വണ്ടി ഓട്ടം വിളിച്ചു. പതിവുപോലെ വെളുപ്പാംകാലത്ത് തുടങ്ങിയ ഓട്ടം. ഇതിനിടെ വൈകിട്ട് മറ്റൊരു ഓട്ടത്തിന് ചെല്ലാമോയെന്ന് ആരോ മൊബൈലിൽ തിരക്കി. '' ഒരു രക്ഷയുമില്ല, ഇന്നൊരു ഗുലുമാലുമായിപ്പോവുകയാ'' -ഉടനെത്തി ഡ്രൈവറുടെ മറുപടി.