സൈബീരിയ: ഒറ്റനോട്ടത്തിലറിയാം ഒറ്റയാനാണെന്ന്. നീല കണ്ണുകളും പിങ്ക് നിറത്തോട് ചേർന്ന് നിൽക്കുന്ന വാലും മഞ്ഞ നിറത്തിലുള്ള ശരീരമുള്ള 'വ്യത്യസ്തനാമീ' സീലിനെ കറുത്ത സീൽക്കൂട്ടം ആട്ടിയകറ്റും. 'ഇവനാരെടാ' എന്ന മട്ടിൽ ചോദ്യം ചെയ്യും.
പാവം കുഞ്ഞു സീൽ. ഒറ്റപ്പെട്ടവന്റെ വേദനയും പേറി മങ്ങിയ കാഴ്ചകൾ കണ്ട് വിശന്നലയും...
വലിയൊരു സീൽ കൂട്ടത്തിനുള്ളിൽ ജനിതക പ്രശ്നങ്ങൾ മൂലം ഒറ്റപ്പെട്ട് പോയ ഈ കുഞ്ഞു സീലിന് ഗവേഷകർ നൽകിയ പേരാണ് 'അഗ്ലി ഡക്ക്ലിംഗ്'. മൃഗങ്ങൾക്കിടയിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായി കാണുന്ന, ഒരുലക്ഷം സീലുകൾക്കിടയിൽ ഒരെണ്ണത്തിന് മാത്രം വരുന്ന 'ആൽബിനോ' രോഗമാണ് അഗ്ളി ഡക്ക്‌ലിംഗിനെ ബാധിച്ചിരിക്കുന്നത്.
മെലാനിൻ എന്ന വർണവസ്തുവിന്റെ ഉത്പാദനത്തിലെ കുറവാണ് നിറവ്യത്യാസത്തിന് കാരണം. ആൽബിനോ സീലുകൾ വളരാനുള്ള സാദ്ധ്യത വളരെക്കുറവാണ്. കാഴ്ച ശക്തിയുമില്ല. സൈബീരിയയിലെ ഓഖാസ്ക് (Okhotsk) കടലിലാണ് ആൽബിനോയെ കണ്ടെത്തിയത്.
പത്ത് വര്‍ഷങ്ങൾക്ക് മുമ്പേ ഇതുപോലെ മറ്റൊരു സീലിനെ കണ്ടെത്തിയിരുന്നു. നഫാനിയ എന്ന് പേര് നൽകിയ ആ സീലിനെ സമുദ്ര ഗവേഷകർ റഷ്യയിലെ ബ്ലാക്ക് സീ കോസ്റ്റ് അക്വാറിയത്തിലേക്ക് കൊണ്ടുപോയി. നഫാനിയയെ കാണാൻ നിരവധിപ്പേരെത്തിയിരുന്നു.
ഇപ്പോൾ കണ്ടെത്തിയ സീലിനേയും ഇത്തരത്തിൽ സംരക്ഷിക്കണോ എന്നാണ് ആലോചന.
എന്നാൽ ആൽബിനോ സീൽ പൂർണമായും ഒറ്റപ്പെട്ടല്ല കഴിയുന്നതെന്നാണ് ഗവേഷകർ പറയുന്നത്. കാഴ്ചയ്ക്ക് തകരാറുണ്ടെങ്കിലും ഭക്ഷണം ലഭിക്കുന്നുണ്ട്. കറുത്ത നിറത്തിലുള്ള മറ്റ് സീലുകൾ ഈ സീലിനൊപ്പം ഇടപഴകാറില്ല. എങ്കിലും ഈ സീൽ വളരെ ആക്ടീവ് ആണെന്നും സമുദ്ര ഗവേഷകൻ വ്ലാദിമർ ബർക്കാനോവ് വ്യക്തമാക്കി.