റോം: ഇറ്റലിയിൽ വാക്കേറ്റത്തിനിടെ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച കറുത്തവർഗക്കാരനായ യുവാവിനെ ക്രൂരമായി അടിച്ചുകൊന്നതിൽ വൻ പ്രതിഷേധം. ഷെഫ് ട്രെയിനിയായിരുന്ന വില്ലി മൊണ്ടെയ്റോ ഡ്വാർതെ (21) ആണ് കൊല്ലപ്പെട്ടത്. റോമിലെ കോളിഫെറോ നഗരത്തിലാണ് സംഭവം. വില്ലിയുടെ മരണത്തെ തുടർന്ന് ഇറ്റലിയിൽ വംശീയതക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിച്ചു. ഇന്നലെ നടന്ന വില്ലിയുടെ സംസ്കാര യാത്രയിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ഗിസിപ്പെ കോന്റെ അടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. വില്ലിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സഹോദരൻമാരടക്കം നാലുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.