dr-li

ന്യൂയോർക്ക്: കൊവിഡ് മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് നൂറുശതമാനവും മനുഷ്യ നിർമ്മിതമാണെന്നും ഇത് ചൈനയിലെ വുഹാൻ ലാബിലാണ് വികസിപ്പിച്ചെടുത്തതെന്നും ഇതിനുള്ള ശാസ്ത്രീയ തെളിവുകൾ തന്റെ പക്കലുണ്ടെന്നും ചൈനീസ് ശാസ്ത്രജ്ഞ വെളിപ്പെടുത്തി.

ചൈനീസ്​ ഭരണകൂടത്തെ ഭയന്ന്​ ഒളിവിൽ കഴിയുന്ന ഡോ. ലീ മെങ് യാനാണ് വീഡിയോ കോൺഫറൻസിംഗിലൂടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

ഹോങ്കോംഗ് സ്കൂൾ ഒഫ് പബ്ളിക്ക് ഹെൽത്തിൽ ജോലി ചെയ്തിരുന്ന ഡോ. ലീ കഴിഞ്ഞ ഒരുവർഷമായി കൊറോണ വൈറസിനെപ്പറ്റിയുള്ള ഗവേഷണത്തിലായിരുന്നു.

വുഹാനിൽ ന്യൂമോണിയ പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്നെ ലീ അന്വേഷണം ആരംഭിച്ചിരുന്നു.

രോഗഹേതു നോവൽ കൊറോണ വൈറസാണെന്ന് കണ്ടെത്തി അധികൃതരെ അറിയിച്ചെങ്കിലും ഒരു പ്രതികരണവുമുണ്ടായില്ല. ലോകാരോഗ്യ സംഘടനയും മൗനം പാലിച്ചു. ലീയുടെ മുന്നറിയിപ്പുകളെ ചൈനീസ് ഉദ്യോഗസ്ഥരും അവഗണിച്ചു. ഈ വൈറസ് പ്രകൃതിയിൽ നിന്നുണ്ടായതല്ല. ചൈനീസ് ഡിസീസ് കൺട്രോൾ ബോർഡിൽ നിന്നും പ്രാദേശിക ഡോക്ടർമാരിൽ നിന്നും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വുഹാനിലെ ലാബിൽ നിർമ്മിച്ചതാണ്. ഇതിന്റെ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാമെന്നും ലീ പ്രത്യേക വീഡിയോ അഭിമുഖത്തിൽ പറഞ്ഞു.

വുഹാനിലെ വെറ്റ്​മാർക്കറ്റിൽ നിന്നും ഉത്ഭവിച്ചതാണ്​ വൈറസ് എന്ന ചൈനയുടെ വാദത്തെ തള്ളിയ അവർ വെറ്റ്​മാർക്കറ്റിനെ ചൈന പുകമറയായി ഉപയോഗിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം ഡിസംബറിൽ കൊവിഡിന്റെ ഭീകരതയെക്കുറിച്ചും അത്​ ജനങ്ങളിലേക്ക്​ വ്യാപകമായി പടരാനുള്ള സാദ്ധ്യതയെ കുറിച്ചും മുന്നറിയിപ്പ്​ നൽകിയിരുന്നെങ്കിലും ഹോങ്കോംഗ് സ്​കൂൾ ഒഫ്​ പബ്ലിക്​ ഹെൽത്ത്​ അധികൃതർ തന്നെ തടഞ്ഞു. പിന്നാലെ ജീവൻ അപകടത്തിലാണെന്ന്​ തിരിച്ചറിഞ്ഞ്​ അമേരിക്കയിലേക്ക്​ പലായനം ചെയ്യുകയായിരുന്നുവെന്നും ലീ പറഞ്ഞു.

ജീനോം സീക്വൻസിംഗിന്റെ അടിസ്ഥാനത്തിൽ ഇതിനുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും ശാസ്​ത്രം അറിയാത്തവർക്ക്​ പോലും മനസിലാകുന്ന വിധത്തിൽ തെളിവുകൾ നിരത്താൻ കഴിയുമെന്നും ലീ അവകാശപ്പെട്ടു.

'എന്താണ്​ സത്യമെന്ന്​ ലോകത്തോട്​ തുറന്നുപറയാതെ എനിക്ക്​ സമാധാനം ലഭിക്കില്ല. ചൈനയിൽ നിന്ന്​ ഒാടിരക്ഷപ്പെട്ടതിന്​ പിന്നാലെ ചൈനീസ്​ ഭരണകൂടം ഞാനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നശിപ്പിച്ചു. ഞാൻ നുണപ്രചാരണം നടത്തുകയാണെന്ന്​ വരുത്തതീർക്കാൻ വരെ ആളുകളെ നിയോഗിച്ചിട്ടുണ്ടെന്നും' ലീ കൂട്ടിച്ചേർത്തു.