മുംബയ്: മഹാരാഷ്ട്രയിലെ ശിവസേന സർക്കാരുമായുള്ള പോര് മുറുകുന്നതിനിടെ ബോളിവുഡ് നടി കങ്കണ റണൗട്ട് രാജ്ഭവനിലെത്തി മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാരിയുമായി ഇന്നലെ വൈകിട്ട് കൂടിക്കാഴ്ച നടത്തി. കങ്കണയുടെ സഹോദരി രംഗോലിയും ഒപ്പമുണ്ടായിരുന്നു.
തന്റെ ഓഫീസ് മുംബയ് കോർപ്പറേഷൻ ഭാഗികമായി പൊളിച്ചതിനെക്കുറിച്ച് കങ്കണ ഗവർണറോട് സംസാരിച്ചു.
' എനിക്ക് നേരിടേണ്ടിവന്ന അന്യായത്തെക്കുറിച്ച് ഗവർണറോട് സംസാരിച്ചു. മകളെപ്പോലെ കരുതി തന്റെ വാക്കുകൾ ഗവർണർ കേട്ടതിൽ ഭാഗ്യവതിയാണ്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ പൗരന്മാരുടെയും വിശ്വാസം സംരക്ഷിക്കപ്പെടുമെന്നാണ് കരുതുന്നത്.'- കൂടിക്കാഴ്ചയ്ക്ക് ശേഷം കങ്കണ പറഞ്ഞു.
അതേസമയം, 'മുംബയെ പാക് അധീന കാശ്‌മീരുമായി താരതമ്യപ്പെടുത്തുന്ന കങ്കണയെ ബി.ജെ.പി പിന്തുണയ്ക്കുന്നത് ദൗർഭാഗ്യകരമാണെന്നും ബി.ജെ.പിയുടെ നീക്കം ബീഹാർ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണെന്നും" ആരോപിച്ച് ശിവസേന നേതാവ് സഞ്ജയ് റൗത്ത് രംഗത്തെത്തി.
ഇതിന് കങ്കണ ചുട്ടമറുപടി ട്വീറ്റ് ചെയ്തു.
'മയക്കുമരുന്ന് മാഫിയ റാക്കറ്റിനെ തകർത്ത ഒരാളെ ബി.ജെ.പി സംരക്ഷിക്കുന്നത് ദൗർഭാഗ്യകരമാണ്. പകരം, ശിവസേന ഗുണ്ടകളെ എന്റെ മുഖം തകർക്കാനോ ബലാത്സംഗം ചെയ്യാനോ എന്നെ പരസ്യമായി കൊന്നു കളയാനോ ബി.ജെ.പി അനുവദിക്കണമായിരുന്നു, അല്ലേ സഞ്ജയ് ജി?. മാഫിയയ്ക്കെതിരെ നിൽക്കുന്ന ഒരു യുവതിയെ സംരക്ഷിക്കാൻ അവർക്കെങ്ങനെ ധൈര്യം വന്നു.?" എന്നായിരുന്നു കങ്കണ ട്വിറ്ററിൽ കുറിച്ചത്.
മുംബയ് നഗരത്തെ അപകീർത്തിപ്പെടുത്താനും പ്രാധാന്യം കുറയ്ക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സഞ്ജയ് ആരോപിച്ചിരുന്നു.
കങ്കണയ്ക്കെതിരെ വീണ്ടും നോട്ടീസ്
മുംബയ്: വീട്ടിൽ അനധികൃത നിർമ്മാണം നടത്തിയെന്നാരോപിച്ച് നടി കങ്കണ റണൗട്ടിന് വീണ്ടും ബൃഹൻ മുംബയ് മുൻസിപ്പൽ കോർപ്പറേഷൻ നോട്ടീസ് നൽകി. കങ്കണയുടെ ഓഫീസ് കെട്ടിടത്തിനേക്കാൾ അനധികൃത നിർമ്മാണം വീട്ടിൽ നടത്തിയെന്നാണ് കോർപ്പറേഷന്റെ കണ്ടെത്തൽ.
മുംബയിലെ ഖർ വെസ്റ്റിലെ കെട്ടിടത്തിൽ അഞ്ചാം നിലയിലാണ് കങ്കണ താമസിക്കുന്നത്. നടിയുടെ ഉടമസ്ഥതയിൽ മൂന്ന് ഫ്ലാറ്റുകളാണ് ഈ കെട്ടിടത്തിലുള്ളത്.