ബംഗളൂരൂ: രാജ്യത്ത് 90,000ത്തിലധികം കൊവിഡ് കേസുകളാണ് ഇപ്പോള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ പ്രതിദിന വര്‍ധനവ് ഇരുപത്തിരണ്ടായിരത്തിലധികമാണ്. കൊവിഡ് തീവ്രബാധിത മെട്രോ നഗരങ്ങളുടെ പട്ടികയില്‍ മുംബയ് നഗരത്തെ പിന്തള്ളി ബംഗളൂരൂ രണ്ടാമത് എത്തിയെന്നതും ആശങ്ക ഉയര്‍ത്തുകയാണ്.
കഴിഞ്ഞദിവസം വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് തീവ്രബാധിത മെട്രോ നഗരങ്ങളില്‍ ബംഗളൂരു രണ്ടാമതെത്തിയത്. വിശദാംശങ്ങള്‍ പരിശോധിക്കാം.
സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ട കൊവിഡ് കണക്കുകളനുസരിച്ച് ബംഗളൂരുവില്‍ 1,67,183 കൊവിഡ് കേസുകളാണ് ഉള്ളത്. കഴിഞ്ഞ ഏതാനം ആഴ്ചകളായി പ്രതിദിനം 5,000ത്തിലേറെ കൊവിഡ് കേസുകളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് കോര്‍പ്പറേഷനും (ബിബിഎംപി)നും വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കൊവിഡ് ബാധയിലെ പകുതിയോളം വരും ബംഗളൂരു നഗരത്തിലേത്.
കൊവിഡ് ബാധയില്‍ ബംഗളൂരു പിന്തള്ളിയത് മുംബയെ
രാജ്യത്തെ മെട്രോ നഗരങ്ങളിലെ കൊവിഡ് ബാധയില്‍ മുംബയെയാണ് ബംഗളൂരു പിന്തള്ളിയിരിക്കുന്നത്. രാജ്യത്ത് ഒരുഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആശങ്കയുണര്‍ത്തിയ കാര്യമായിരുന്നു ധാരാവിലെയും മുംബയ് നഗരത്തിലെയും കൊവിഡ് ബാധ. എന്നാല്‍ വലിയതോതിലുള്ള വ്യാപനത്തിലേക്ക് പോകാതെ വൈറസിനെ പ്രതിരോധിക്കാന്‍ ധാരാവിയ്ക്കും ഒരുപരിധിവരെ മുംബയ്ക്കും കഴിഞ്ഞു. ശനിയാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 1,65,306 കൊവിഡ് കേസുകളാണ് മുംബയിൽ ഉള്ളത്. തീവ്ര കൊവിഡ് ബാധിത മെട്രോ നഗരങ്ങളില്‍ മൂന്നാമതാണ് രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനം.
രാജ്യത്തെ കൊവിഡ് തീവ്രബാധിത മെട്രോ സിറ്റി ഡല്‍ഹിയാണ്. 2,14,000 ത്തിലധികം കൊവിഡ് കേസുകളാണ് രാജ്യ തലസ്ഥാനത്തുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഡല്‍ഹിയില്‍ വീണ്ടും കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. കൂടുതല്‍ പരിശോധനകള്‍ നടക്കുന്നതാണ് സംസ്ഥാനത്ത് വീണ്ടും പ്രതിദിന കൊവിഡ് ബാധയിലെ വര്‍ധനവിന് കാരണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. മെട്രോ നഗരങ്ങളുടെ പട്ടികയില്‍ നാലാമതുള്ള ചെന്നൈയില്‍ 1,47,591 കേസുകളാണുള്ളതത്.
രാജ്യത്തെ മെട്രോ ഇതര നഗരങ്ങളിലെ കൊവിഡ് കണക്കുകള്‍ പരിശോധിച്ചാലും ഒന്നാം സ്ഥാനത്ത് ഡല്‍ഹി തന്നെയാണ്. എന്നാല്‍ രണ്ടാമതുള്ളത് മഹാരാഷ്ട്രയിലെ പൂനെയാണ്. 2.1 ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് നഗരത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ഇന്നലെ 22,084 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 10,37,765 ആയി ഉയര്‍ന്നിരുന്നു. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 391 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടതെന്നും ആശങ്ക ഉയര്‍ത്തുന്നതാണ്.